KOYILANDY DIARY.COM

The Perfect News Portal

ലൈംഗികാതിക്രമ കേസിൽ കെ.എസ്.യു. പ്രവർത്തകനെ കുടുക്കിയത് സി.സി.ടി.വി.യും ചെരിപ്പും

പയ്യോളി: പയ്യോളി ഐ.പി.സി. റോഡിലെ ലൈംഗികാതിക്രമകേസിൽ കെ.എസ്.യു. പ്രവർത്തകനെ കുടുക്കിയത് സി.സി.ടി.വി.യും ചെരിപ്പും. ഇരുപത്തിരണ്ടുകാരിയായ യുവതിക്കുനേരേ ലൈംഗികാതിക്രമം നടത്തിയ കേസിൽ കഴിഞ്ഞ ദിവസമാണ് കെ.എസ്.യു. നേതാവായ പള്ളിക്കര പോറോത്ത് സൗപർണികയിൽ എ.എസ്. ഹരിഹരനെ (20) പയ്യോളി പോലീസ് അറസ്റ്റുചെയ്തത്.
മേയ് 29 ബുധനാഴ്ച വൈകുന്നേരമായിരുന്നു അതിക്രമം നടന്നത്. റോഡിൽവെച്ച് ശല്യംചെയ്തപ്പോൾ കുടകൊണ്ട് യുവതി തട്ടിമാറ്റുകയായിരുന്നു. തുടർന്ന് സമീപത്തെ കെട്ടിടത്തിലേക്ക് യുവതി ഓടിക്കയറിയപ്പോൾ കോണിപ്പടി കയറിവന്ന യുവാവ് ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
പൊലീസിൽ യുവതി നല്‌കിയ പരാതിപ്രകാരം സി.സി.ടി.വി.യിൽനിന്ന് യുവാവിന്റെ ദൃശ്യം കിട്ടിയ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. കഴിഞ്ഞദിവസം പെരുമാൾപുരത്തെ വെള്ളക്കെട്ടിൽ ടിപ്പർലോറി കുടുങ്ങിയതിനെതുടർന്ന്  ഗതാഗതസ്തംഭനമുണ്ടായിരുന്നു. ആ സമയത്ത് സ്ഥലത്തെത്തിയ എസ്.ഐ. അൻവർഷായ്ക്ക് ടിപ്പർ ഓടിച്ച യുവാവിനെ കണ്ടപ്പോൾ സി.സി.ടി.വി. ദൃശ്യത്തിലെ യുവാവുമായി സാദൃശ്യം തോന്നുകയായിരുന്നു.
യുവാവ് ധരിച്ച ചെരിപ്പ് സി.സി.ടി.വി.യിൽ കണ്ട യുവാവിന്റെ ചെരിപ്പുമായി സാമ്യമുള്ളതാണെന്നും ബോധ്യമായതോടെ ഹരിഹരനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഒളിവിലായിരുന്ന പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്യിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ കെ.എസ്.യു പ്രവർത്തകനെ സംഘടനയിൽ നിന്നും പുറത്താക്കിയിരുന്നു. കോഴിക്കോട് മലബാർ ക്രിസ്റ്റ്യൻ കോളജിലെ വിദ്യാർത്ഥിയും കെ എസ് യു പ്രവർത്തകനുമായിരുന്നു പ്രതിയായ ഹരിഹരൻ. 
Share news