KOYILANDY DIARY.COM

The Perfect News Portal

മഞ്ചേരിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം

മഞ്ചേരി: കാരാപറമ്പ് ഞാവലിങ്ങലിൽ കാറും ലോറിയും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. ബന്ധുക്കളായ നാല് പേർക്ക് പരിക്കേറ്റു. ചെങ്ങര തടത്തിൽ മൂലക്കുടവൻ വീട്ടിൽ അബ്ദുൽ ലത്തീഫിൻ്റെ മകൻ ഹംദാൻ (12) ആണ് മരിച്ചത്.  ലത്തീഫിൻ്റെ സഹോദരി ഹസീന ബാനു (40), മക്കളായ ഹസീം അമൽ (21), ഹാമിസ് മുഹമ്മദ് (14), ഹിസ (10) എന്നിവർക്കാണ് പരിക്കേറ്റത്. 
പാണ്ടിക്കാട്  നിന്നും അരീക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിർ ദിശയിൽ നിന്നും വരികയായിരുന്ന ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. വ്യാഴാഴ്ച പാണ്ടിക്കാടുള്ള പിതാവിൻ്റെ സഹോദരി ഹസീനയുടെ വീട്ടിലേക്ക് വിരുന്നിന് പോയതായിരുന്നു ഹംദാൻ. സ്കൂൾ തുറക്കാനിരിക്കെ വീട്ടിലേക്ക് തിരിച്ച് വരുന്നതിനിടെയാണ് അപകടം. 
ഹസീനയായിരുന്നു കാർ ഓടിച്ചിരുന്നത്. ശക്തമായ മഴയിൽ വാഹനങ്ങളുടെ നിയന്ത്രണം നഷ്ടമായതാണ് അപകട  കാരണം. നാട്ടുകാർ എത്തി രക്ഷാപ്രവർത്തനം നടത്തി ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹംദാൻ്റെ ജീവൻ രക്ഷിക്കാനായില്ല. ഹംദാൻ്റെ മൃതദേഹം മഞ്ചേരി ഗവ.മെഡിക്കൽ കോളജ് ആശുപത്രി  മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 
സാരമായി പരിക്കേറ്റ ഹാസിം അമൽ, ഹാമിസ് മുഹമ്മദ് എന്നിവരെ  കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹസീന ബാനുവിനെയും ഹിസയെയും മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഹംദാൻ്റെ പോസ്റ്റ് മോർട്ടത്തിന് ശേഷം ചെങ്ങര ജുമാ മസ്ജിദിൽ ഖബറടക്കും. മാതാവ്: സഫിയ. സഹോദരങ്ങൾ: ബാസിൽ, റംസി, ദാനിയ.
Share news