അടുത്ത 24 മണിക്കൂറിനുള്ളിൽ കേരളത്തിൽ കാലവർഷം എത്തിച്ചേരാൻ സാധ്യത

തിരുവനന്തപുരം: അടുത്ത 24 മണിക്കൂറിനുള്ളിൽ കേരളത്തിൽ കാലവർഷം എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരള തീരത്ത് ശക്തമായ പടിഞ്ഞാറൻ കാറ്റ് നിലനിൽക്കുകയാണ്. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായി ഇടി, മിന്നൽ, കാറ്റ് എന്നിവയോട് കൂടിയ മിതമായ ഇടത്തരം മഴയ്‌ക്കാണ് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്‌ക്കും മെയ് 29 മുതൽ ജൂൺ 2 വരെ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഓറഞ്ച് അലർട്ടുകളുടെ പശ്ചാത്തലത്തിൽ ജില്ലാ കലക്‌ടർ, ജില്ലാ പോലീസ് മേധാവി, റോഡ് സേഫ്റ്റി അതോറിറ്റി എന്നിവർക്ക് പ്രത്യേക നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാനത്ത് മഴ ശക്തിപ്പെടുന്നതിനാൽ സാഹചര്യങ്ങൾ വിലയിരുത്തി മലയോര മേഖലയിലേക്കുള്ള രാത്രി യാത്രകൾക്ക് നിയന്ത്രണമെർപ്പെടുത്തേണ്ടതാണ്. വിനോദ സഞ്ചാരികളിലേക്കും സുരക്ഷ മുന്നറിയിപ്പുകൾ എത്തി എന്നുറപ്പാക്കേണ്ടതും കൃത്യമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കേണ്ടതുമാണ്.


നിർമ്മാണ പ്രവർത്തനങ്ങളോ അറ്റകുറ്റപ്പണികളോ നടക്കുന്ന ദേശീയ പാത, സംസ്ഥാന പാത, മറ്റ് റോഡുകൾ എന്നിവിടങ്ങളിൽ സുരക്ഷ ബോർഡുകൾ യാത്രക്കാർക്ക് കാണുന്ന തരത്തിൽ ഉണ്ടെന്ന് ഉറപ്പാക്കണം. അടിയന്തരമായി ഒരു പരിശോധന നടത്തി സുരക്ഷ ബോർഡുകൾ ഇല്ലാത്ത ഇടങ്ങളിൽ അവ സ്ഥാപിക്കേണ്ടതാണ്. റോഡുകളിൽ കുഴികളോ മറ്റ് അപകട സാധ്യതകളോ ഉള്ള ഇടങ്ങളിൽ അടിയന്തരമായി അപകട സാധ്യത ലഘുകരിക്കാൻ വേണ്ട ഇടപെടൽ നടത്തണം.


ജില്ലാ കണ്ട്രോൾ റൂമുകളിൽ റോഡ് സേഫ്റ്റി വിഭാഗത്തിൽ നിന്നുള്ള പ്രതിനിധികളെ കൂടി ഉൾപ്പെടുത്തേണ്ടതാണ്. റോഡിലെ അപകട സാദ്ധ്യതകൾ അധികൃതരെ അറിയിക്കാൻ ആവശ്യമായ കണ്ട്രോൾ റൂം നമ്പറുകൾ പ്രസിദ്ധപ്പെടുത്തണം. കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള പരസ്യബോർഡുകൾ യുദ്ധകാലാടിസ്ഥാനത്തിൽ ബാലപ്പെടുത്തുകയോ അഴിച്ചുമാറ്റുകയോ ചെയ്യാൻ ആവശ്യമായ നടപടി സ്വീകരിക്കണം. അപകട സാധ്യതയുള്ള മരങ്ങൾ, മരച്ചില്ലകൾ എന്നിവ മുറിച്ചു മാറ്റാൻ വേണ്ട നടപടികൾ സ്വീകരിക്കണം.

