ഇടുക്കി ഡാം വറ്റി വരളുന്നു. സംഭരണ ശേഷിയുടെ 36.30 ശതമാനം മാത്രം

ഇടുക്കി: മൺസൂൺ, വേനൽ മഴകളിൽ വൻകുറവുണ്ടായതിനെ തുടർന്ന് ഇടുക്കി അണക്കെട്ടിൽ ഇപ്പോൾ സംഭരണ ശേഷിയുടെ 36.30 ശതമാനം മാത്രമേ (2338.44 അടി) വെള്ളമുള്ളു. ഇടുക്കിയുടെ പരമാവധി ശേഷി 2403 അടിയാണ്. കഴിഞ്ഞവർഷം ഇതേദിവസം 2332.30 അടിയായിരുന്നു. 2023നേക്കാൾ നേരിയ വർധനയുണ്ടെങ്കിലും ആ വർഷം കൂടുതൽ വൈദ്യുതി ഉൽപ്പാദിപ്പിച്ചിരുന്നു. മുൻവർഷങ്ങളേക്കാൾ മൺസൂൺ, തുലാമഴകളിൽ കുറവുണ്ടായതിനെ തുടർന്നാണ് ഉൽപ്പാദനം കുറച്ച് വെള്ളം നിലനിർത്തിയത്.

2023 ജനുവരി മുതൽ ഏപ്രിൽവരെ വേനൽമഴ 13.5 സെന്റീമീറ്റർ ലഭിച്ചപ്പോൾ ഇത്തവണയിത് 11 സെൻ്റീമീറ്ററാണ് കിട്ടിയത്. വേനൽച്ചൂടും വർധിക്കുന്നുണ്ട്. ഡാമിലേക്കുള്ള നീർച്ചാലുകളുമെല്ലാം വറ്റി. മഴ ലഭിച്ചില്ലെങ്കിൽ പ്രതിസന്ധി വർധിക്കും. മൂലമറ്റത്തും ഉൽപ്പാദനം കുറച്ചിട്ടുണ്ട്. തിങ്കളാഴ്ച 6.622 ദശലക്ഷം യൂണിറ്റായിരുന്നു വൈദ്യുതോൽപ്പാദനം. അവധിദിനങ്ങളിൽ ഉപഭോഗം കുറവായതിനാൽ ഉൽപ്പാദനം 45.349 ലക്ഷം ഘനമീറ്റർ ഒഴുകിപ്പോകുന്നുണ്ട്. ഇടുക്കിയിലെ മറ്റ് ചെറുകിട അണക്കെട്ടുകളിലും പ്രതിസന്ധിയുണ്ട്.
