KOYILANDY DIARY.COM

The Perfect News Portal

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡ് ചോര്‍ന്ന സംഭവത്തില്‍ ദിലീപ് സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി തള്ളി

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട മെമ്മറി കാര്‍ഡ് ചോര്‍ന്ന സംഭവത്തില്‍ ദിലീപ് സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി തള്ളി. മെമ്മറി കാര്‍ഡ് ചോര്‍ന്നതില്‍ ജില്ലാ ജഡ്ജിയുടെ അന്വേഷണ റിപ്പോര്‍ട്ടിലെ സാക്ഷി മൊഴിപ്പകര്‍പ്പ് അതിജീവിതയ്ക്ക്  നല്‍കരുതെന്നാവശ്യപ്പെട്ടുള്ള അപ്പീലാണ് ഡിവിഷന്‍ ബെഞ്ച് തള്ളിയത്. വസ്തുതാന്വേഷണ റിപ്പോർട്ടിലെ മൊഴികൾ എന്തെന്നറിയാൻ ഹർജിക്കാരിയെന്ന നിലയിൽ തനിക്ക് അവകാശമുണ്ടെന്ന് അതിജീവിത ചൂണ്ടിക്കാട്ടിയിരുന്നു.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട മെമ്മറി കാര്‍ഡ് കോടതികളുടെ കസ്റ്റഡിയിലിരിക്കെ അനധികൃതമായി തുറന്നുപരിശോധിച്ചിട്ടുണ്ടെന്നായിരുന്നു ജില്ലാ ജഡ്ജി നടത്തിയ വസ്തുതാന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ഈ സാഹചര്യത്തില്‍ റിപ്പോര്‍ട്ടിലെ സാക്ഷികളുടെ മൊഴിപ്പകര്‍പ്പ് നല്‍കണമെന്നാവശ്യപ്പെട്ടുള്ള അതിജീവിതയുടെ ആവശ്യം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അംഗീകരിച്ചിരുന്നു. ഇതിനെതിരെയാണ് നടന്‍ ദിലീപ് അപ്പീല്‍ നല്‍കിയത്. തീര്‍പ്പാക്കിയ ഹര്‍ജിയിലാണ് മൊഴിപ്പകര്‍പ്പ് നല്‍കാന്‍ ആവശ്യമുന്നയിച്ചിരിക്കുന്നതെന്നും ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്നുമായിരുന്നു അപ്പീലില്‍ ദിലീപിന്‍റെ പ്രധാന വാദം.

 

സിംഗിള്‍ ബെഞ്ച് നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും അപ്പീലില്‍ ദിലീപ് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ സിംഗിള്‍ ബെഞ്ചിന്‍റേത് അനുബന്ധ ഉത്തരവാണെന്നായിരുന്നു അതിജീവിതയുടെ വാദം. തന്‍റെ മൗലികാവകാശം ലംഘിക്കപ്പെട്ട സംഭവമാണെന്നും മൊഴിപ്പകര്‍പ്പ് നല്‍കരുതെന്ന് പറയാന്‍ പ്രതിക്ക് അവകാശമില്ലെന്നും അതിജീവിത കോടതിയില്‍ വ്യക്തമാക്കിയിരുന്നു. അതിജീവിതയുടെ വാദങ്ങള്‍ അംഗീകരിച്ച ഡിവിഷന്‍ബെഞ്ച് ദിലീപിന്‍റെ അപ്പീല്‍ തള്ളുകയായിരുന്നു. ജസ്റ്റിസുമാരായ എം നഗരേഷ്, പി എം മനോജ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് അപ്പീലില്‍ വാദം കേട്ട് വിധി പറഞ്ഞത്.

Advertisements
Share news