KOYILANDY DIARY

The Perfect News Portal

ഗുരുവായൂർ- മധുര എക്‌സ്‌പ്രസിൽ യാത്രക്കാരനെ പാമ്പുകടിയേറ്റ സംഭവം; റെയിൽവേയുടെ അനാസ്ഥ

തിരുവനന്തപുരം: ഗുരുവായൂർ- മധുര എക്‌സ്‌പ്രസിൽ ഏറ്റുമാനൂരിൽവെച്ച്‌  തമിഴ്‌നാട്‌ സ്വദേശിക്ക്‌ പാമ്പുകടിയേറ്റ സംഭവം റെയിൽവേയുടെ അനാസ്ഥ. ശുചീകരണത്തിൽ റെയിൽവേ വരുത്തിയ അനാസ്ഥയാണ്‌ പാമ്പുകടിയേൽക്കാനിടയാക്കിയത്‌. പാമ്പുകടിയേറ്റയാൾ കോട്ടയം മെഡിക്കൽകോളേജ്‌ ആശുപത്രിയിൽ ചികിത്സയിലാണ്‌. ഏതാനും വർഷങ്ങളായി ശുചീകരണജോലി പുറം കരാർ നൽകുകയാണ്‌ റെയിൽവേ.

ഇതരസംസ്ഥാനത്തുള്ള വൻകിടക്കാരാണ്‌ കരാറെടുത്തത്‌. ഇവർ സബ്‌ കരാറുകളും നൽകി. കുറഞ്ഞ തൊഴിലാളികളെ വെച്ചാണ്‌ ഇത്തരം സബ്‌ കരാറുകാർ ജോലി ചെയ്യിക്കുന്നത്‌. ശമ്പളവും കൃത്യസമയത്ത്‌ നൽകാറില്ല. ഇതിനാൽ ജോലിക്കാർ പലപ്പോഴും ജോലിക്ക്‌ വരാറില്ല. ഗുരുവായൂരിൽ ട്രെയിൻ നിർത്തിയിട്ടപ്പോൾ പാമ്പ്‌ കയറിയതാകാമെന്നാണ്‌ അധികൃതർ പറയുന്നത്‌. എലി ശല്യവും കോച്ചുകളിലുണ്ട്‌. കേരളത്തിലോടുന്ന ഭൂരിഭാഗം ട്രെയിനുകളുടെ കോച്ചുകളും കാലപ്പഴക്കം ബാധിച്ചവയാണ്‌.

 

ശുചീകരണശേഷം ട്രെയിനിന്റെ വാതിലുകളും ജനലുകളും അടച്ചിടണമെന്നാണ്‌ നിർദേശം. പലപ്പോഴും അത്‌ ചെയ്യാറില്ലെന്ന്‌ റെയിൽവേ ജീവനക്കാരും പറയുന്നു. എസി കോച്ചുകളിൽ മാത്രമാണ്‌ കൃത്യമായി ശുചീകരണം നടത്തുന്നത്‌. ജനറൽ, സ്ലിപ്പർ കോച്ചുകളിൽ ശുചീകരണം നടക്കാത്തതിനെക്കുറിച്ച്‌ നിരവധി പരാതികൾ യാത്രക്കാർ ദക്ഷിണറെയിൽവേയ്‌ക്കും ഡിവിഷണൽ റെയിൽവേ മാനേജർക്കും നൽകിയിട്ടുണ്ട്‌. 

Advertisements

 

ട്രെയിനിൽ സുരക്ഷിതയാത്ര ഉറപ്പുവരുത്താൻ നടപടി സ്വീകരിക്കണമെന്ന്‌  ഏപ്രിൽ ആദ്യം പ്രധാനമന്ത്രിക്ക്‌ കോൺഫെഡറേഷൻ ഓഫ്‌ ഇന്ത്യ റെയിൽ യൂസേഴ്‌സ്‌ അസോസിയേഷനും കത്തുനൽകിയിരുന്നു. എന്നാൽ നടപടിയുണ്ടായില്ല. സംസ്ഥാനത്തെ വിവിധ പാസഞ്ചർ അസോസിയേഷനുകളും അധികൃതർക്ക്‌ പരാതി നൽകിയിട്ടുണ്ട്‌. ടോയ്‌ലറ്റുകൾ ശുചീകരിക്കുന്നില്ലെന്നും വെള്ളം നിറയ്‌ക്കുന്നില്ലെന്നും പരാതികളുമുണ്ട്‌.