ശൈലജ ടീച്ചർക്കെതിരെ നടക്കുന്നത് സംസ്കാരശൂന്യമായ സൈബർ ആക്രമണം; പി കെ ശ്രീമതി ടീച്ചർ

ശൈലജ ടീച്ചർക്കെതിരെ നടക്കുന്നത് സംസ്കാരശൂന്യമായ സൈബർ ആക്രമണമെന്ന് പി കെ ശ്രീമതി ടീച്ചർ പറഞ്ഞു. ഷാഫി പറമ്പിൽ അണികളെ നിലയ്ക്ക് നിർത്തണം. സ്ത്രീകളെ അധിക്ഷേപിക്കുന്നതാണോ കോൺഗ്രസ്സ് സംസ്കാരം. കെ പി സി സി പ്രസിഡന്റും പ്രതിപക്ഷ നേതാവും നിലപാട് വ്യക്തമാക്കണം. നിന്ദ്യവും അശ്ലീലവും നിറഞ്ഞ വാക്കുകൾ ഉപയോഗിച്ച് എതിർ സ്ഥാനാർത്ഥിയായ വനിതയെ അധിക്ഷേപിക്കുന്നത് തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമാണ്.

എല്ലാതരം അതിർവരമ്പുകളും ഭേദിച്ചുള്ള ഇത്തരം പ്രചരണം അറിയില്ലെന്ന് പറയുന്ന യുഡിഎഫ് സ്ഥാനാർത്ഥിയുടെ നിലപാട് കുറ്റകരമായ അനാസ്ഥയാണ്. അറിഞ്ഞിട്ടും അറിയാത്തഭാവം നടിക്കുന്നത് അങ്ങേയറ്റം കുറ്റമാണ്. ഒരു സ്‌ത്രീക്കെതിരെയും ഇത്തരത്തിലുള്ള പദപ്രയോഗം അംഗീകരിക്കാനാകില്ല. വടകര മണ്ഡലത്തിൽ കെ കെ ശൈലജ പ്രചരണത്തിൽ മുന്നിലാണ്. വടകര എൽഡിഎഫ് തിരിച്ചുപിടിക്കുമെന്ന ഉറപ്പുണ്ട്. ഇതാണ് കോൺഗ്രസ് നേതൃത്വത്തെ വിറളിപിടിപ്പിക്കുന്നത്. ഒരു സംഘത്തെ നിയോഗിച്ച് സമൂഹമാധ്യമങ്ങൾ ഉപയോഗിച്ച് അങ്ങേയറ്റം നീചമായ പ്രചരണമാണ് നടത്തുന്നത്. ഇതിനെ തള്ളാനോ തിരുത്താനോ കോൺഗ്രസ് നേതൃത്വം തയ്യാറായിട്ടില്ല.

തനിക്കൊന്നും അറിയില്ലെന്ന് പറഞ്ഞു മാറിനിൽക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥിയുടെ മൗനവും ഇവർക്ക് പരസ്യപിന്തുണ നൽകുന്നതാണ്. ഇത്തരത്തിലൊരു സൈബർ ആക്രമണം കൊണ്ട് നഷ്‌ടപ്പെടുന്ന വ്യക്തിപ്രഭാവമല്ല കെ കെ ശൈലജയുടേത്. അവരോടുള്ള ജനങ്ങളുടെ വിശ്വാസവും സ്‌നേഹവും തെരഞ്ഞെടുപ്പിൽ വോട്ടാകും. രാജ്യത്തെ സ്‌ത്രീകളുടെ അവകാശങ്ങൾക്കായി പാർലമെന്റിൽ ശബ്‌ദമുയർത്താൻ കെ കെ ശൈലജയുണ്ടാകും. ഇതിനെതിരെ ജനാധിപത്യ മഹിള അസോസിയേഷൻ നേതൃത്വത്തിൽ സംസ്ഥാനത്താകെ പ്രതിഷേധമുയർത്തുമെന്നും പി കെ ശ്രീമതി പറഞ്ഞു.

