KOYILANDY DIARY.COM

The Perfect News Portal

നടിയെ ആക്രമിച്ച കേസ്; അതിജീവിതയ്ക്ക് സാക്ഷിമൊഴിയുടെ പകർപ്പ് നൽകണമെന്ന് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വസ്തുതാന്വേഷണ റിപ്പോര്‍ട്ടിലെ സാക്ഷിമൊഴികളുടെ പകര്‍പ്പ് നല്‍കണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. എറണാകുളം സെഷൻസ് കോടതിക്കാണ് ഹൈക്കോടതിയുടെ നിർദേശം. അതിജീവിതയുടെ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. സാക്ഷിമൊഴികൾ അതിജീവിതയ്ക്ക് ലഭിക്കേണ്ടതാണെന്നും അതിജീവിതയുടെ ആവശ്യം നിലനിൽക്കുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

അതിജീവിതയുടെ ആവശ്യം നിരസിക്കാൻ കാരണങ്ങളില്ലെന്ന് പറഞ്ഞ ജസ്റ്റിസ് കെ ബാബു മറ്റ് ആവശ്യങ്ങളിൽ മെയ് 30ന് വാദം കേൾക്കുമെന്ന് അറിയിച്ചു. ഇതിനിടെ അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചുവെന്ന കേസിലെ എട്ടാം പ്രതി ദിലീപിന്റെ വാദം ഹൈക്കോടതി തള്ളി. വസ്തുതാ അന്വേഷണ റിപ്പോർട്ട് രഹസ്യ റിപ്പോർട്ടല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

 

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് നിയമ വിരുദ്ധമായി പരിശോധിച്ച സംഭവത്തിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക പൊലീസ് സംഘം അന്വേഷിക്കണമെന്നാണ് അതിജീവിതയുടെ ആവശ്യം. ജഡ്ജി ഹണി എം വർഗീസ് സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് തള്ളണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതികളെ സംരക്ഷിക്കുന്ന രീതിയിലാണ് ഹണി എം വർഗീസ് റിപ്പോർട്ട് തയ്യാറാക്കിയതെന്നും വിമർശനമുണ്ട്.

Advertisements
Share news