കോഴിക്കോട് സ്വദേശിയെ ആക്രമിച്ച് അഞ്ചര ലക്ഷം രൂപ കവർന്നു; രണ്ട് പേർ പിടിയിൽ

മാള: പൊയ്യയിൽ കോഴിക്കോട് സ്വദേശിയെ ആക്രമിച്ച് അഞ്ചര ലക്ഷം രൂപ കവർച്ച നടത്തിയ സംഭവത്തിൽ രണ്ടു പ്രതികൾ പിടിയിലായി. കൊടുങ്ങല്ലൂർ പുല്ലൂറ്റ് സ്വദേശി അലങ്കാരത്ത് വീട്ടിൽ ഷാമോൻ (24), മേത്തല സ്വദേശി മതിലകത്തു പറമ്പിൽ വീട്ടിൽ സാലിഹ് (34) എന്നിവരെയാണ് റൂറൽ എസ്പി നവനീത് ശർമയുടെ നിർദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി എം സി കുഞ്ഞുമൊയ്തീൻ, മാള ഇൻസ്പെക്ടർ സുനിൽ പുളിക്കൽ എന്നിവരുടെ സംഘം അറസ്റ്റ്ചെയ്തത്.

മാര്‍ച്ച് 30ന് രാവിലെ 11ഓടെയാണ് കേസിനാസ്പദമായ സംഭവം. പണയത്തിലിരിക്കുന്ന സ്വർണം എടുപ്പിക്കാനെന്ന് പറഞ്ഞ് സംഘത്തിലുൾപ്പെട്ട സ്ത്രീ കോഴിക്കോട് സ്വദേശിയായ ശ്യാംലാലിനെ പൊയ്യ ബീവറേജിന് സമീപത്തേക്ക് വിളിച്ചുവരുത്തി. ഇവരുടെ സഹോദരനെന്നു പറഞ്ഞ് ബൈക്കിലെത്തിയ യുവാവ് ശ്യാംലാലിനെ ബീവറേജ് ജങ്ഷനിൽ നിന്നുള്ള കഴിഞ്ഞിത്തറ റോഡിലേക്ക് കൊണ്ടുപോകുകയും വഴിയിൽ കാത്തുനിന്ന സാലിഹും ഷാമോനും കൂടിച്ചേര്‍ന്ന് ആക്രമിച്ച് അഞ്ചരലക്ഷം രൂപയടങ്ങിയ ബാഗ് തട്ടിപ്പറിച്ച് ബൈക്കിൽ രക്ഷപ്പെടുകയുമായിരുന്നു.

