KOYILANDY DIARY.COM

The Perfect News Portal

മോദി സര്‍ക്കാരിന്റെ ഭരണകാലത്തും സ്‌പെക്ട്രം അഴിമതി ഇലക്ടറല്‍ ബോണ്ടുകളിലൂടെ തുടര്‍ന്നതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രണ്ടാം യുപിഎ സര്‍ക്കാരിന്റെ പതനത്തിന് കാരണമായ സ്‌പെക്ട്രം അഴിമതി നരേന്ദ്ര മോദി ഭരണകാലത്തും ഇലക്ടറല്‍ ബോണ്ടുകളിലൂടെ തുടര്‍ന്നതായി റിപ്പോര്‍ട്ട്. ഭാരതി എയര്‍ ടെല്‍ ഗ്രൂപ്പിന് ഉപഗ്രഹ സ്‌പെക്ട്രം ലഭിക്കാന്‍ ലേലപ്രക്രിയ ഒഴിവാക്കിയതോടെ ഇലക്ട്രല്‍ ബോണ്ട് വഴി ബിജെപിക്ക് ലഭിച്ചത് 150 കോടി രൂപയാണ്. രണ്ടുഘട്ടമായാണ് ഭാരതി എന്റര്‍പ്രൈസസ് ബിജെപിക്ക് വേണ്ടി ഇലക്ടറല്‍ ബോണ്ട് വാങ്ങിയതെന്നും രേഖകളില്‍ വ്യക്തം.

പത്ത് വര്‍ഷം നീണ്ടുനിന്ന യുപിഎ സര്‍ക്കാരുകള്‍ക്ക് അന്ത്യം കുറിച്ചത് സ്‌പെക്ട്രെം അഴിമതി കുംഭകോണമായിരുന്നു. രണ്ടാം യുപിഎ സര്‍ക്കാര്‍ അനുവദിച്ച 122 സ്‌പെക്ട്രം ലൈസന്‍സുകള്‍ 2012ല്‍ സുപ്രീംകോടതി അസാധുവാക്കി. സ്‌പെക്ട്രം വിതരണം ലേലപ്രക്രിയയിലൂടെ വേണമെന്ന് സുപ്രീംകോടതി കര്‍ശനമായി നിര്‍ദേശിക്കുകയും ചെയ്തു. ഈ സ്‌പെക്ട്രം അഴിമതിയടക്കം ഉയര്‍ത്തിക്കാട്ടിയാണ് 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്.

എന്നാല്‍, ഭരണത്തില്‍ എത്തിയതോടെ ബിജെപിയുടെ നിലപാട് മാറി. ഉപഗ്രഹ സ്‌പെക്ട്രത്തിന്റെ വിതരണത്തില്‍ ബിജെപി സര്‍ക്കാരും ലേലപ്രക്രിയ ഒഴിവാക്കി, വിതരണച്ചുമതല സര്‍ക്കാരിന്റെ ഉത്തരവാദിത്വമാക്കിമാറ്റി 2023 ഡിസംബറില്‍ പുതിയ ടെലികോം നിയമം പാര്‍ലമെന്റില്‍ തിരക്കിട്ട് പാസാക്കി. ജിഎംപിസിഎസ് ലൈസന്‍സ്, ഇന്‍ സ്‌പേസ് അംഗീകാരം എന്നിവയുള്ള കമ്പനികള്‍ക്ക് ഉപഗ്രഹ സ്‌പെക്ട്രത്തിനായി അപേക്ഷിക്കാമെന്നാണ് മോദി സര്‍ക്കാര്‍ കൊണ്ടുവന്ന ടെലികോം നിയമത്തിലെ വ്യവസ്ഥ.

Advertisements

 

ഈ രണ്ടു നിര്‍ബന്ധ യോഗ്യതകളും ഭാരതി എന്റര്‍പ്രൈസസിന്റെ കമ്പനിയായ വണ്‍വെബ് ഇന്ത്യക്കുമാത്രമാണ് നിലവിലുള്ളത്. ഇതോടെ ഭാരതി ഗ്രൂപ്പിന് ഉപഗ്രഹ സ്‌പെക്ട്രം ലഭിച്ചു. ഇതിന് പ്രത്യുപകാരമായി 150 കോടിയാണ് ഇലക്ടറല്‍ ബോണ്ട് വഴി ബിജെപിക്ക് ലഭിച്ചതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

 

2023 നവംബറില്‍ 100 കോടിയാണ് ബോണ്ട് വഴി ബിജെപിക്ക് ലഭിച്ചത്. പിന്നാലെ ഡിസംബറില്‍ 143 പ്രതിപക്ഷ എംപിമാരെ സസ്‌പെന്‍ഡ് ചെയ്ത ഘട്ടത്തില്‍ പുതിയ ടെലികോം ബില്‍ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസാക്കി. പിന്നീട് ജനുവരിയില്‍ 50 കോടിയും ഭാരതി ബിജെപിക്ക് കൈമാറിയെന്നും വെബ്‌സൈറ്റ് വഴി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട രേഖകളില്‍ വ്യക്തമാക്കുന്നു.

Share news