KOYILANDY DIARY.COM

The Perfect News Portal

അപൂര്‍വ രോഗം ബാധിച്ച കുഞ്ഞിന് ചികിത്സ ഉറപ്പാക്കി ആരോഗ്യ വകുപ്പ്

കോയമ്പത്തൂരില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശിയായ സിന്ധുവിന്റെ അപൂര്‍വ രോഗം ബാധിച്ച ഒന്നര വയസുള്ള മകന് ചികിത്സ ഉറപ്പാക്കി ആരോഗ്യ വകുപ്പ്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരം തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ കുഞ്ഞിന്റെ ചികിത്സ ആരംഭിച്ചു. ആശുപത്രി സൂപ്രണ്ടിന്റെ ഏകോപനത്തില്‍ ജെനറ്റിക്‌സ്, പീഡിയാട്രിക്, ഡെര്‍മറ്റോളജി വിഭാഗങ്ങള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചാണ് ചികിത്സ നടത്തുന്നത്.

ഗുരുവായൂരില്‍ കുഞ്ഞിന് ചികിത്സാ സഹായം ചോദിച്ചെത്തിയ അമ്മയെ അധിക്ഷേപിച്ചു എന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രി ഈ വിഷയത്തില്‍ ഇടപെടുന്നത്. കുഞ്ഞിന്റെ അമ്മയെ അന്ന് തന്നെ ഫോണില്‍ വിളിച്ച് മന്ത്രി സംസാരിക്കുകയും ആശ്വസിപ്പിക്കുകയും ചികിത്സ ഉറപ്പാക്കുകയും ചെയ്തു. സിന്ധുവും മകനും അമ്മയ്‌ക്കൊപ്പം മന്ത്രിയുടെ ഓഫീസിലെത്തി മന്ത്രിയെ കണ്ട് നന്ദിയറിയിച്ചു. എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് മന്ത്രി സഹായിച്ചതെന്ന് അവര്‍ അറിയിച്ചു. മന്ത്രി എല്ലാ പിന്തുണയും നല്‍കി.

 

ത്വക്കിനെ ബാധിക്കുന്ന ഡിഫ്യൂസ് ക്യൂട്ടേനിയസ് മാസ്റ്റോസൈറ്റോസിസ് എന്ന അപൂര്‍വ രോഗമാണ് കുഞ്ഞിനെ ബാധിച്ചതെന്ന് പരിശോധനയില്‍ കണ്ടെത്തി. ത്വക്ക്, മജ്ജ, കരള്‍ എന്നിവയെ ബാധിക്കാന്‍ സാധ്യതയുള്ള ഗുരുതര രോഗമാണിത്. രക്ത പരിശോധനയും സ്‌കാനിംഗും നടത്തി. ജനിതക പരിശോധനകള്‍ ഉള്‍പ്പെടെയുള്ളവയുടെ ഫലം വരാനുണ്ട്. കുഞ്ഞിന്റെ ആന്തരിക അവയവങ്ങളെ രോഗം ബാധിക്കാത്തത് ആശ്വാസകരമാണ്. കുഞ്ഞിന് മതിയായ ചികിത്സ ഉറപ്പ് വരുത്തുമെന്ന് മന്ത്രി അറിയിച്ചു.

Advertisements
Share news