KOYILANDY DIARY.COM

The Perfect News Portal

തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ രാജിക്ക് പിന്നിൽ രാഷ്ട്രീയ നാടകം: കമ്മീഷൻ ഒറ്റയാൾ സംവിധാനമായി,

തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ രാജിക്ക് പിന്നിൽ രാഷ്ട്രീയ നാടകം: കമ്മീഷൻ ഒറ്റയാൾ സംവിധാനമായി, സുപ്രീം കോടതിയുടെ വിമർശനം പോലും വിലവെക്കാതെയാണ് അരുൺ ഗോയലിനെ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചത്. രാജ്യം തിരഞ്ഞെടുപ്പിന് സജ്ജമായ സമയത്ത് 2027 വരെ കാലാവധിയുള്ള അദ്ദേഹം  രാജിവെച്ചത് ജനാധിപത്യ സംവിധാനങ്ങളുടെ തകർച്ചയെ കുറിച്ചുള്ള ആശങ്ക വർധിപ്പിക്കെയാണ്. 2022 ൽ ഗോയലിനെ കമ്മീഷണറായി നിയമിച്ചത് നടപടി ക്രമങ്ങൾ പാലിക്കാതെയാണെന്ന പരാതി സുപ്രീം കോടതിവരെ എത്തി. വിഷയത്തിൽ കോടതിയും വിമർശനം ഉന്നയിച്ചു. എങ്കിലും സംഘപരിവാർ നോമിനിയായി വിശേഷിപ്പിക്കപ്പെട്ട ഗോയൽ സംരക്ഷിക്കപ്പെട്ടു.

ഇപ്പോൾ ഗോയലിൻ്റെ രാജിയോടെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ മുഖ്യ കമ്മീഷണർ രാജീവ് കുമാർ മാത്രമാണ് ബാക്കിയുള്ളത്. ഫെബ്രുവരി 25 ന് കാലാവധി പൂർത്തിയാകാൻ ഇരിക്കയാണ് ഇദ്ദേഹവും. അരുൺ ഗോയലിൻ്റെ തിരഞ്ഞെടുപ്പ് കമ്മീഷനിലേക്കുള്ള വരവും പോക്കും ഒരു പോലെ ജനാധിപത്യ വിശ്വാസികളുടെ ആശങ്കയാവുന്നത് ഈ സാഹചര്യത്തിലാണ്.

2022 ൽ സിവിൽ സർവ്വീസിൽ നിന്നും വി ആർ എസ് എടുപ്പിച്ചാണ് ഇദ്ദേഹത്തെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ എത്തിച്ചത്. രാജ്യത്ത് കേട്ടുകേൾവിയില്ലാത്ത വിധം വിരമിച്ചതിൻ്റെ അടുത്ത ദിവസം തന്നെ നിയമനം നൽകി രാഷ്ട്രപതി ഉത്തരവിട്ടു.  തിരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്നത് സംബന്ധിച്ച കേസ് സുപ്രീം കോടതിയിൽ നിലനിൽക്കെ ആയിരുന്നു വിവാദ നിയമനം.

Advertisements

2021 ൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആകേണ്ടിയിരുന്ന അശോക് ലവാസ രാജിവെച്ച പശ്ചാത്തലവും സ്വതന്ത്രാധികാര സ്ഥാപനത്തെ കുറിച്ചുള്ള ഇപ്പോഴത്തെ ആശങ്കയിൽ കൂട്ടി വായിക്കപ്പെടുന്നു. 2019 ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പെരുമാറ്റ ചട്ട ലംഘനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും എതിരെ നടപടി വേണമെന്ന് ലവാസ നിലപാടെടുത്തിരുന്നു. ഇതോടെ ലവാസയുടെ കുടുംബാംഗങ്ങൾക്ക് എതിരെ ഇ ഡി നീക്കം നടത്തി.

 

ആദായ നികുതി വകുപ്പ് പരിശോധനകൾ തുടങ്ങി. സമ്മർദ്ദം സഹിക്കാതെ ജനാധിപത്യ സംവിധാനത്തിലെ സ്വതന്ത്രാധികാര സ്ഥാപനത്തിൽ നിന്നും രാജിവെച്ച് ഒഴിയേണ്ടിവന്നു. ഈ സംഭവത്തിന് പിന്നാലെയാണ് 2027 വരെ കാലാവധി കണക്കുകൂട്ടി ഗോയലിനെ നാടകീയമായി ഈ സ്ഥാനത്തേക്ക് കൊണ്ടു വന്നത്.

Share news