നാട് നേരിടുന്ന പ്രശ്നങ്ങള്‍ അതിജീവിക്കാനാകണം, ഇതിനായി യുവജനങ്ങള്‍ മുന്നിട്ടിറങ്ങണം; മുഖ്യമന്ത്രി

തിരുവനന്തപുരം: നാട് നേരിടുന്ന പ്രശ്നങ്ങള്‍ അതിജീവിക്കാനാകണമെന്നും ഇതിനായി യുവജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. വിദ്യാര്‍ത്ഥികളുമായി മുഖ്യമന്ത്രി നേരിട്ട് നടത്തുന്ന സംവാദ പരിപാടിയായ മുഖാമുഖം പരിപാടിയില്‍ തലസ്ഥാനത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ യുവജനങ്ങള്‍ ചരിത്രത്തെ മാറ്റിമറിക്കാന്‍ കഴിവുള്ളവരാണ്. നമ്മുടെ സാമൂഹ്യ അന്തരീക്ഷം തകരാതെ സംരക്ഷിക്കേണ്ടതുണ്ട്. അത് തകര്‍ന്നാല്‍ ഒന്നും നേടാന്‍ ആകില്ല എന്ന തിരിച്ചറിവുണ്ടാകണം. മതനിരപേക്ഷ ഒരുമ ഏറ്റെടുക്കാന്‍ യുവജനങ്ങള്‍ക്കാകണം.

കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളും പരമ്പരാഗത മേഖലയും തമ്മില്‍ ബന്ധിപ്പിക്കുന്ന സാഹചര്യം വളര്‍ത്തിയെടുക്കണം എന്നതാണ് ലക്ഷ്യം. സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുന്നതിനു വേണ്ടിയുള്ള എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കും. ഒരു വിഭാഗത്തെയും കൈവിടില്ല എന്നതാണ് പൊതുവായ സമീപനമെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരള സൃഷ്ടിക്കായി പൊതുജനങ്ങളുടെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും സ്വരൂപിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ യുവജനങ്ങളുമായി നടത്തുന്ന മുഖാമുഖം പരിപാടിക്ക് ഇന്ന് രാവിലെ തുടക്കമായി.

സംസ്ഥാനത്തെ വിവിധ മേഖലകളിലെ യുവജനങ്ങളുമായി സംവദിക്കുന്ന പരിപാടി തിരുവനന്തപുരം കവടിയാർ ഉദയ് പാലസ് കൺവൻഷൻ സെന്ററിൽ രാവിലെ 9.30 ഓടെ ആരംഭിച്ചു. യുവജനകാര്യ ക്ഷേമമന്ത്രി സജി ചെറിയാൻ അധ്യക്ഷനായി. ഉദ്ഘാടനത്തിന് ശേഷം ഉച്ചയ്ക്ക് ഒരു മണി വരെ നടക്കുന്ന മുഖാമുഖത്തിൽ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള യുവജനങ്ങൾ മുഖ്യമന്ത്രിയുമായി സംവദിക്കും.

നവകേരള സദസിന്റെ തുടർച്ചയായാണ് വിവിധ ജില്ലകളിൽ വിദ്യാർത്ഥികൾ, യുവജനങ്ങൾ, മഹിളകൾ, സാംസ്കാരിക പ്രവർത്തകർ, ആദിവാസി-ദളിത് വിഭാഗക്കാർ, ഭിന്നശേഷിക്കാർ, പെൻഷനേഴ്സ്, വയോജനങ്ങൾ, വിവിധ തൊഴിൽ മേഖലകളിലുള്ളവർ, കാർഷിക മേഖലയിലുള്ളവർ, റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ എന്നിവരുമായി മുഖ്യമന്ത്രി ചർച്ച നടത്തുന്നത്.

നവകേരള സൃഷ്ടിയിൽ കാര്യക്ഷമമായ സംഭാവന നൽകുന്നവരാക്കി സംസ്ഥാനത്തെ യുവജനങ്ങളെ മാറ്റിത്തീർക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് യുവജനങ്ങളുമായി മുഖാമുഖം നടത്തുന്നത്. മുഖാമുഖത്തിനുള്ള രജിസ്ട്രേഷൻ രാവിലെ എട്ടിന് ആരംഭിച്ചു. മന്ത്രിമാരായ വി ശിവൻകുട്ടി, വി അബ്ദുറഹിമാൻ, ജി ആർ അനിൽ, എ എ റഹീം എംപി, മേയർ ആര്യ രാജേന്ദ്രൻ, വി കെ പ്രശാന്ത് എംഎൽഎ, കായിക, യുവജനകാര്യ വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ് തുടങ്ങിയവർ പങ്കെടുക്കുന്നു.
