KOYILANDY DIARY

The Perfect News Portal

ദുബായില്‍ പൊതു ഗതാഗത സംവിധാനങ്ങള്‍ക്ക് പ്രചാരമേറുന്നു

ദുബായില്‍ പൊതു ഗതാഗത സംവിധാനങ്ങള്‍ക്ക് പ്രചാരമേറുന്നു. കഴിഞ്ഞ വര്‍ഷം ദുബായില്‍ പൊതുഗതാഗതം ഉപയോഗിച്ചവര്‍ 70.2 കോടിയാണ്. മുന്‍വര്‍ഷത്തെക്കാള്‍ 13% വര്‍ധനവാണ് രേഖപ്പെടുത്തിയതെന്ന് ദുബായ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി പുറത്തു വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രതിദിനം 19.2 ലക്ഷം പേര്‍ ആണ് ദുബായില്‍ പൊതുഗതാഗത സംവിധാനം പ്രയോജനപ്പെടുത്തുന്നത്. ദുബായ് ആതിഥ്യമരുളിയ കാലാവസ്ഥ ഉച്ചകോടിയുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ ആളുകള്‍ നഗരത്തില്‍ എത്തിയ 2023 ഡിസംബറിലാണ് ഏറ്റവുമധികം പേര്‍ പൊതുഗതാഗതം ഉപയോഗിച്ചത്. 6.49 കോടിപേര്‍ പൊതുഗതാഗതം ഉപയോഗിച്ചു.

പൊതുഗതാഗതം ഉപയോഗിച്ചവരില്‍ 37 ശതമാനവും മെട്രോ യാത്രക്കാരാണ്. ആകെ 26 കോടി പേര്‍ മെട്രോയില്‍ യാത്ര ചെയ്തു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 15% വര്‍ധന. ഇന്റര്‍ചേഞ്ച് സ്റ്റേഷനുകളായ ബുര്‍ജ് മാനും യൂണിയനുമാണ് ഏറ്റവും കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിച്ചത്. ബുര്‍ജ് മാനല്‍ 1.5 കോടി യാത്രക്കാരും യൂണിയനില്‍ 1.19 കോടി യാത്രക്കാരും എത്തി. റെഡ് ലൈനില്‍ അല്‍ റിഗ സ്റ്റേഷനിലാണ് കൂടുതല്‍ യാത്രക്കാരെത്തിയത് 1.19 കോടി. ബസ്, ഫെറി, അബ്ര തുടങ്ങിയ ഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണവും നാള്‍ക്കുനാള്‍ വര്‍ധിച്ചു വരികയാണ്.