മറയൂരിൽ റിട്ട. സിഐയെ സഹോദരിപുത്രൻ വെട്ടിക്കൊലപ്പെടുത്തി

മറയൂർ: മറയൂർ കോട്ടക്കുളത്ത് തമിഴ്നാട് പൊലീസിൽനിന്ന് വിരമിച്ച സിഐയെ സഹോദരിപുത്രൻ വെട്ടിക്കൊലപ്പെടുത്തി. മറയൂർ ഹൈസ്ക്കൂളിന് സമീപം കോട്ടക്കുളം ഇന്ദിരാഭവനത്തിൽ പി ലക്ഷ്മണൻ (66) ആണ് വെട്ടേറ്റ് മരിച്ചത്. ലക്ഷമണന്റെ സഹോദരിയുടെ മകനും കാന്തല്ലൂർ സ്വദേശിയുമായ അരുൺ (23) ആണ് വാക്കത്തിക്ക് വെട്ടിക്കൊലപ്പെടുത്തിയത്. തിങ്കളാഴ്ച വൈകിട്ട് ഏഴിന് ലക്ഷ്‌മണിന്റെ വീടിന് മുന്നിൽ മറയൂർ കാന്തല്ലൂർ റോഡരികിൽ വെച്ചാണ് സംഭവം.

തൃശ്ശൂർ ആസ്ഥാനമായ ഹൈറിച്ച് ഓൺലൈൻ ഷോപ്പി എന്ന സ്ഥാപനത്തിന്റെ റെപ്രസെന്റേറ്റീവ് ആയിരുന്ന അരുണിന്റെ ഫോൺ അമ്മാവനായ ലക്ഷ്മണൻ വാങ്ങിവെച്ചിരുന്നു. നിരവധി തവണ ഫോൺ ചോദിച്ചെങ്കിലും തിരികെ നൽകിയില്ലാത്തിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് അരുണിന്റെ മാതാപിതാക്കൾ പറയുന്നത്. കാന്തല്ലൂരിൽനിന്ന് മറയൂർ കോട്ടക്കുളത്ത് എത്തിയ അരുൺ വീട്ടുമുറ്റത്തെ റോഡിൽ നിന്നിരുന്ന ലക്ഷമണനെ കഴുത്തിനും മുഖത്തിനും വാക്കത്തിക്കൊണ്ട് വെട്ടിവീഴ്‌ത്തി.

ബഹളം കേട്ടെത്തിയവരെ വാക്കത്തിവീശി ഭീകര അന്തരീക്ഷം സൃഷ്ടിച്ച ശേഷം മറയൂർ ഗവ. ഹൈസ്‌കൂളിന്റെ പിൻവശത്തുള്ള പാറയിലേക്ക് ഓടി രക്ഷപ്പെട്ടു. ഉടൻതന്നെ സമീപവാസികളും ലക്ഷ്‌മണന്റെ മകനും ചേർന്ന് മറയൂരിലെ സ്വകാര്യ ആശുപതിയിൽ എത്തിച്ചെങ്കിലും ലക്ഷ്‌മണിന്റെ മരണം സംഭവിച്ചു. മറയൂർ എസ്‌എച്ച്‌ഒ പി ആർ ഷിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിക്കായി തെരച്ചിൽ ആരംഭിച്ചു. ലക്ഷ്‌മണിന്റെ മൃതദേഹം മറയൂർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: ഇന്ദിര. മക്കൾ: രാജീവ്, രാധ.

