കർഷകരും കേന്ദ്രപ്രതിനിധികളുമായി നടത്തിയ മൂന്നാംഘട്ട ചർച്ചയും പരാജയം

ന്യൂഡൽഹി: കർഷകരും കേന്ദ്രപ്രതിനിധികളുമായി നടത്തിയ മൂന്നാംഘട്ട ചർച്ചയും പരാജയം. രാത്രി വൈകിയും തുടർന്ന ചർച്ചയിൽ കാര്യമായ പുരോഗതിയുണ്ടായില്ലെന്നും പ്രക്ഷോഭം ശക്തമാക്കുമെന്നും കർഷകർ അറിയിച്ചു. മിനിമം താങ്ങുവില നിയമാനുസൃമാക്കണമെന്ന ആവശ്യവുമായാണ് കർഷകർ പ്രക്ഷോഭത്തിനിറങ്ങിയത്. ഞായറാഴ്ച വീണ്ടും കേന്ദ്രപ്രതിനിധികളുമായി ചർച്ച നടത്തുന്നുണ്ട്.

കേന്ദ്രമന്ത്രിമാരായ അർജുൻ മുണ്ട, പീയൂഷ് ഗോയൽ, നിത്യാനന്ദ് റായ് എന്നിവരാണ് ചണ്ഡീഗഡിൽ കർഷക സംഘടന പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ സാന്നിധ്യത്തിലായിരുന്നു മീറ്റിങ്. ചർച്ച 5 മണിക്കൂറോളം നീണ്ടു. കർഷക സംഘടനകൾ ഉയർത്തിയ ആവശ്യങ്ങളിൽ ഭൂരിഭാഗത്തിനും കേന്ദ്രത്തിൽ നിന്ന് അനുകൂല മറുപടിയുണ്ടായില്ലെന്നാണു വിവരം.

ഈ സാഹചര്യത്തിലാണ് പ്രക്ഷോഭം ശക്തമാക്കാനുള്ള തീരുമാനമെടുത്തതെന്ന് കർഷകവൃത്തങ്ങൾ അറിയിച്ചു. സമരം തുടരുന്ന കർഷകർക്കുേനേരെ ആക്രമണങ്ങൾ അഴിച്ചുവിട്ടതിനെതിരെയുള്ള പ്രതിഷേധവും കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. കർഷകരുടെ ആവശ്യങ്ങൾ പരിഗണിക്കുമെന്നും വിഷയത്തിൽ സമാധാനപരമായി പരിഹാരം കാണുമെന്നും ഞായറാഴ്ച വൈകിട്ട് ആറിന് വീണ്ടും യോഗം ചേരുമെന്നും കേന്ദ്രമന്ത്രി അർജുൻ മുണ്ട അറിയിച്ചു.

കഴിഞ്ഞ ദിവസവും സമരം നടത്തുന്ന കർഷകർക്ക് നേരെ പഞ്ചാബ്–-ഹരിയാന അതിർത്തിയിൽ പൊലീസിന്റെ ആക്രമണം ഉണ്ടായി. പകൽ സമാധാനപരമായ സമരം തുർന്നെങ്കിലും ശംഭു അതിർത്തിയിൽ വൈകീട്ടോടെ പൊലീസ് നടപടിയുണ്ടായി. കർഷകർക്ക് നേരെ യുദ്ധസമാനമായി ഷെല്ലുകളും ഗ്രനേഡുകളും ഹരിയാന പൊലീസ് വർഷിച്ചു. നിരവധി കർഷകർക്ക് പരിക്കേറ്റു. അംബാല, ജിന്ദ്, കുരുക്ഷേത്ര, കൈതാൽ, ഫത്തേബാദ്, ഹിസാർ, സിർസ ജില്ലകളിലെ ഇന്റർനെറ്റ് നിരോധനം പതിനേഴ് വരെ നീട്ടുകയും ചെയ്തു.

