KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ ‘ജീവതാളം’ സുകൃതം – ജീവിതം മെഗാ മെഡിക്കൽ ക്യാമ്പും എക്സിബിഷനും നാളെ ആരംഭിക്കും

കൊയിലാണ്ടിയിൽ ‘ജീവതാളം’ സുകൃതം – ജീവിതം മെഗാ മെഡിക്കൽ ക്യാമ്പും എക്സിബിഷനും 8ന് വ്യാഴാഴ്ച ആരംഭിക്കും. കൊയിലാണ്ടി നഗരസഭ, താലൂക്ക് ആശുപത്രി ആരോഗ്യ വകുപ്പ് – ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജീവിതശൈലി  രോഗങ്ങൾക്കെതിരെയുള്ള പദ്ധതിയാണ് ജീവതാളം. കൊയിലാണ്ടി നഗരസഭ നടപ്പാക്കുന്ന’ സുകൃതം – ജീവിതം’ പദ്ധതിയുമായി കൂടിച്ചേർന്നാണ് ജീവതാളം നഗരസഭയിൽ പ്രാവർത്തികമാക്കുന്നത്.
ഇതിൻ്റെ ഭാഗമായി ഫിബ്രു 8, 9, 10 തിയ്യതികളിലായി നഗരസഭ ഇ എം എസ് ടൗൺ ഹാളിലാണ് മെഗാ മെഡിക്കൽ ക്യാമ്പും എക്സിബിഷനും സംഘടിപ്പിക്കുന്നത്. മെഗാമെഡിക്കൽ ക്യാമ്പ്, എക്സിബിഷൻ, ജീവിതശൈലി രോഗനിർണ്ണയം, ആരോഗ്യ ബോധവൽക്കരണ ക്ലാസ്സുകൾ, സെമിനാർ, ഡോക്യുമെൻ്ററി പ്രദർശനം എന്നിവ ഇതിൻ്റെ ഭാഗമായി നടക്കും. ഫിബ്രുവരി 8ന്, മുൻസിപ്പൽ ചെയർപേഴ്സൺ കെ പി സുധയുടെ അധ്യക്ഷതയിൽ മലബാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. പി വി നാരായണൻ ഉദ്ഘാടനം നിർവ്വഹിക്കും.
കാൻസർ – വൃക്ക രോഗ – ജീവിതശൈലി നിർണ്ണയം, ആരോഗ്യ വിജ്ഞാന പ്രദർശനം, വിവിധ രോഗങ്ങളുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ്സുകൾ, ലഹരി വിമുക്ത ക്യാമ്പയിൻ, ഡോക്യുമെൻ്ററി പ്രദർശനം തുടങ്ങി നിരവധി പരിപാടികൾ ക്യാമ്പിൽ നടക്കും. വിവിധ രോഗങ്ങൾക്കുള്ള പരിശോധനക്കായി അതാത് ദിവസം രാവിലെ ക്യാമ്പിലെത്തി രജിസ്റ്റർ ചെയ്യാവുന്നതാണ്. ഫിബ്രു. 10ന് വൈകീട്ടോടെ ക്യാമ്പ് അവസാനിക്കും.
Share news