വൈദ്യൂതി ലൈനിൽ നിന്ന് തെങ്ങിന് തീ പിടിച്ചു

പയ്യോളി: വൈദ്യൂതി ലൈനിൽ നിന്ന് തെങ്ങിന് തീ പിടിച്ചു. പേരാമ്പ്ര പയ്യോളി റോഡിന് സമീപത്തെ തോലേരിയിൽ കളത്തിൽ അബ്ദുള്ളയുടെ വീടിനോട് ചേർന്ന് നിൽക്കുന്ന തെങ്ങിനാണ് തീ പിടിച്ചത്. ഉടൻതന്നെ നാട്ടുകാർ ഫയർഫോഴ്സിനെ വിളിച്ച് അറിയിക്കുകയായിരുന്നു. തുടർന്ന് പേരാമ്പ്ര അഗ്‌നിരക്ഷാ നിലയത്തിൽ നിന്നും അസി. സ്റ്റേഷൻ ഓഫീസ്സർ പി സി പ്രേമന്റെ നേതൃത്വത്തിൽ ഫയർ & റെസ്ക്യൂ ഓഫീസർമാരായ കെ ശ്രീകാന്ത്, പി ആർ സോജു, കെ പി വിപിൻ, സി കെ സ്മിതേഷ്, ഹോംഗാർഡ് എ സി അജീഷ് എന്നിവർ സ്ഥലത്തെത്തി വെള്ളം പമ്പ് ചെയ്ത് തീ അണച്ചു.

തെങ്ങിൻ്റെ ഓലകൾ ലൈനിൽ തൊട്ടുനിന്നതാണ് തീപിടിക്കാൻ കാരണം. വേനൽ കടുക്കുന്നതോടെ അഗ്നിബാധയ്ക്ക് സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥർ അറിയിച്ചു. കെ എസ് ഇ ബി ജീവനക്കാരും സംഭവസ്ഥലത്തെത്തിയിരുന്നു.
