കേരളത്തിലെ സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് യുഎൻ വിമൻ പ്രതിനിധികൾ

തിരുവനന്തപുരം: കേരളത്തിലെ സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് യുഎൻ വിമൻ പ്രതിനിധികൾ. സ്ത്രീകളുടെ പുരോഗതിക്കായി പ്രത്യേകം തുകയനുവദിക്കുന്ന ജെൻഡർ ബജറ്റ് എടുത്ത് പറയേണ്ടതാണെന്നും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പല മേഖലകളിലും കേരളത്തിലെ സ്ത്രീകൾ വളരെ മുന്നിലാണെന്നും സംഘം വിലയിരുത്തി. മന്ത്രി വീണാ ജോർജുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യമറിയിച്ചത്.

സ്ത്രീകളുടെ ശാക്തീകരണത്തിനായി കേരളം ചെയ്യുന്ന പ്രവർത്തനങ്ങൾ മന്ത്രി വിവരിച്ചു. ജെൻഡർ പാർക്കിന് സാങ്കേതിക സഹായം നൽകുന്നതിന് യുഎൻ വിമനുമായി സംസ്ഥാനം ധാരണപത്രം ഒപ്പിട്ടിരുന്നു. ഇതനുസരിച്ച് പാർക്ക് കേന്ദ്രീകരിച്ചുള്ള തുടർപ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ യോഗം തീരുമാനിച്ചു. സെയ്ഫ് സിറ്റി പ്രോജക്ട്, ജെൻഡർ ഡേറ്റാ ഹബ്ബ് എന്നിവയിലും യുഎൻ വിമൻ പിന്തുണ അറിയിച്ചു.

യുഎൻ വിമൻ ഇന്ത്യയിലെ പ്രതിനിധി സൂസൻ ഫെർഗുസൻ, യുഎൻ വിമൻ സെയ്ഫ് സിറ്റി ഇൻഷ്യേറ്റീവ് ഗ്ലോബൽ അഡ്വൈസർ ലൂറ കാപോബിയാൻകോ, പ്രോഗ്രാം സ്പെഷ്യലിസ്റ്റ് പൗലോമി പൽ, യുഎൻ വിമൻ ഇന്ത്യ സ്റ്റേറ്റ് ടെക്നിക്കൽ കൺസൾട്ടന്റ് ഡോ. പീജാ രാജൻ, വനിതാ ശിശുവികസനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, വനിതാ ശിശുവികസനവകുപ്പ് ഡയറക്ടർ ഹരിത വി കുമാർ, കോഴിക്കോട് മേയർ ബീനാ ഫിലിപ്പ് തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

