KOYILANDY DIARY.COM

The Perfect News Portal

ശബരിമല വിമാനത്താവള പദ്ധതിക്ക് കേന്ദ്രസർക്കാരിന്റെ ക്ലിയറൻസ് ലഭിച്ചു; മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല വിമാനത്താവള പദ്ധതിക്ക് കേന്ദ്രസർക്കാരിന്റെ സൈറ്റ് ക്ലിയറൻസ്, ഡിഫൻസ് ക്ലിയറൻസ് എന്നിവ ലഭ്യമായതായി മുഖ്യമന്ത്രി പിണറായി വിജയൻ. സുരക്ഷാ ക്ലിയറൻസിനുള്ള അപേക്ഷ ആഭ്യന്തര മന്ത്രാലയത്തിൻറെ പരിഗണനയിലാണെന്നും പരിസ്ഥിതി ആഘാത പഠന റിപ്പോർട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിക്കായി നൽകാനുള്ള നടപടികൾ സ്വീകരിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കെ യു ജനീഷ് കുമാറിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. 

സെൻറർ ഫോർ മാനേജ്മെൻറ് ഡെവലപ്മെൻറ് (CMD) തയാറാക്കിയ അന്തിമ സാമൂഹിക ആഘാത വിലയിരുത്തൽ പഠന റിപ്പോർട്ട് പഠിക്കുന്നതിനായി ഏഴംഗ വിദഗ്ധ സമിതി ശുപാർശ നൽകിയിട്ടുണ്ട്. സമിതിയുടെ ശുപാർശ പരിഗണിച്ച് ഏകദേശം 2,570 ഏക്കർ ഭൂമി വിമാനത്താവള നിർമ്മാണത്തിനായി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ശബരിമല വിമാനത്താവളത്തിനു വേണ്ടി സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ (SPV) രൂപീകരിക്കുന്നതിനായി വിശദമായ പദ്ധതി റിപ്പോർട്ട് (DPR) തയ്യാറാക്കാൻ ഒരു ഏജൻസിയെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ നടന്നുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share news