KOYILANDY DIARY.COM

The Perfect News Portal

എം.എം. മണിയുടെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച നടക്കും

തിരുവനന്തപുരം: പിണറായി മന്ത്രിസഭയിൽ നിന്ന് രാജിവെച്ച വ്യവസായ സ്‌പോർട്‌സ് വകുപ്പ് മന്ത്രി ഇ.പി ജയരാജന് പകരം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്അംഗം എം.എം മണി ചൊവ്വാഴ്ച മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. അതോടൊപ്പം മന്ത്രിമാരുടെ വകുപ്പുകളില്‍ ആവശ്യമായ പുനഃക്രമീകരണം നടത്താന്‍ സംസ്ഥാനകമ്മിറ്റി യോഗം മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി. ചൊവ്വാഴ്ച വൈകിട്ട് നാലരയ്ക്ക് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ നടക്കുക.

കോട്ടയം ജില്ലയില്‍ കിടങ്ങൂരിലെ സാധാരണ കര്‍ഷക കുടുംബത്തില്‍ മുണ്ടയ്ക്കല്‍ മാധവന്റെയും ജാനകിയുടെയും ഒമ്പതുമക്കളില്‍ മൂത്തമകനായി 1944 ഡിസംബര്‍ 12 നാണ് എം എം മണി ജനിച്ചത്. കിടങ്ങൂര്‍ എന്‍എസ്എസ് സ്കൂളിലായിരുന്നു പഠനം. അമ്പതുകളുടെ മദ്ധ്യത്തില്‍ അച്ഛനമ്മമാര്‍ക്കൊപ്പം അദ്ദേഹം ഇടുക്കിയിലെ കുഞ്ചിത്തണ്ണിയിലേക്ക് കുടിയേറി. ചെറുപ്രായത്തില്‍തന്നെ കുടിയൊഴിപ്പിക്കലിനെതിരായ നിരാഹാര സമരങ്ങളില്‍ പങ്കെടുത്ത് രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമായി. 1966ല്‍ 22-ാം വയസ്സില്‍ സിപിഐ എം അംഗമായി. 1985ല്‍ ഇടുക്കി ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു.

2016ല്‍ ഉടുമ്പന്‍ചോലയില്‍നിന്ന് നിയമസഭാംഗമായി. നിലവില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്അംഗം, കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ്് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കള്‍: സതി (രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ്), ശ്യാമള, സുമ (രാജകുമാരി പഞ്ചായത്ത്അംഗം ), ഗീത, അനി.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *