KOYILANDY DIARY

The Perfect News Portal

പട്ന-ഇന്തോര്‍ എക്സ്പ്രസ് പാളംതെറ്റി: 120 മരണം

ഡല്‍ഹി> ഉത്തര്‍പ്രദേശില്‍ പട്ന-ഇന്തോര്‍ എക്സ്പ്രസ് പാളംതെറ്റി 120 മരണം. 200ലേറെ പേര്‍ക്ക് പരിക്കേറ്റു. 76 പേരുടെ പരിക്ക് ഗുരുതരമാണ്. ഞായറാഴ്ച പുലര്‍ച്ചെ മൂന്നോടെ കാണ്‍പുരില്‍നിന്ന് 63 കിലോമീറ്റര്‍ അകലെ പൊക്രയാന്‍ പട്ടണത്തിലാണ് അപകടമുണ്ടായത്. പാളത്തിലെ വലിയ വിള്ളലാണ് അപകടകാരണമെന്നാണ് പ്രാഥമികനിഗമനമെന്ന് റെയില്‍മന്ത്രാലയം അറിയിച്ചു. 14 കോച്ചുകളാണ് പാളംതെറ്റിയത്. നാല് കോച്ചുകള്‍ പൂര്‍ണമായും തകര്‍ന്നു. മരണസംഖ്യ ഉയരാനിടയുണ്ട്. അപകടസമയത്ത് 500ലേറെ പേര്‍ ട്രെയിനിലുണ്ടായിരുന്നു. സമീപകാലത്തുണ്ടായ വലിയ ട്രെയിന്‍ദുരന്തമാണിത്.

മരിച്ചവരില്‍ 43 പേരെ തിരിച്ചറിഞ്ഞു. മധ്യപ്രദേശ് സ്വദേശികളായ 20 പേരെയും യുപി സ്വദേശികളായ 15 പേരെയും ബിഹാര്‍ സ്വദേശികളായ ഏഴുപേരെയും ഒരു മഹാരാഷ്ട്രക്കാരനെയുമാണ് തിരിച്ചറിഞ്ഞത്. തകര്‍ന്ന ബോഗികള്‍ക്കുള്ളില്‍ മൃതദേഹങ്ങള്‍ കുടുങ്ങിയ നിലയിലാണ്. രണ്ടുകോച്ചു കൂടി പൊളിക്കാന്‍ ശ്രമം തുടരുകയാണ്. ഉത്തരവാദികളായവര്‍ക്കെതിരെ കടുത്തനടപടി സ്വീകരിക്കുമെന്ന് റെയില്‍മന്ത്രി സുരേഷ്പ്രഭു ട്വിറ്ററില്‍ പ്രതികരിച്ചു. അപകടത്തെ തുടര്‍ന്ന് 14 ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്ര മോഡി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് തുടങ്ങിയവര്‍ അനുശോചിച്ചു.

പുലര്‍ച്ചെ 3.10ഓടെയാണ് അപകടമുണ്ടായതെന്ന് രക്ഷപ്പെട്ട യാത്രക്കാര്‍ പറഞ്ഞു. യാത്രക്കാരില്‍ അധികവും ഉറക്കത്തിലായിരുന്നു. വന്‍ ശബ്ദത്തോടെ ട്രെയിന്‍ മലക്കംമറിയുകയായിരുന്നു- ഇവര്‍ പറഞ്ഞു. എസ്-1, എസ്-2 കോച്ചുകളിലെ യാത്രക്കാരാണ് മരിച്ചവരില്‍ അധികവും. മരിച്ചവരുടെ കൂട്ടത്തില്‍ ഒരു സൈനികനും ജവാനും യുപി പൊലീസ് കോണ്‍സ്റ്റബിളുമുണ്ട്. മരിച്ചവരുടെ കുടുംബത്തിന് യുപി സര്‍ക്കാര്‍ അഞ്ച് ലക്ഷവും റെയില്‍വേ മന്ത്രാലയം 3.5 ലക്ഷവും മധ്യപ്രദേശ് സര്‍ക്കാര്‍ രണ്ട് ലക്ഷവും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് രണ്ട് ലക്ഷവും ധനസഹായം പ്രഖ്യാപിച്ചു.

Advertisements

പാളംതെറ്റിയ ബോഗികള്‍ പരസ്പരം കൂട്ടിയിടിച്ചു. പഴക്കംചെന്ന ബോഗികളാണ് മരണസംഖ്യ ഉയര്‍ത്തിയതെന്നാണ് വിദഗ്ധരുടെ നിഗമനം. പാളത്തിലെ ചെറിയ വിള്ളലുകള്‍ വലിയ അപകടങ്ങളുണ്ടാക്കാറില്ല. എന്നാല്‍, വലിയ വിള്ളലാകണം ഇത്രയും വലിയ അപകടമുണ്ടാക്കിയതെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. അപകടസ്ഥലം കാണ്‍പുരില്‍നിന്ന് ദൂരെയായത്കാരണം രക്ഷാപ്രവര്‍ത്തനം വൈകി. പിന്നീട് കേന്ദ്ര ദുരന്തനിവാരണ സേനാ യൂണിറ്റുകളും സൈന്യവും പൊലീസും നാട്ടുകാരും രംഗത്തെത്തി.

ഹെല്‍പ് ലൈനുകള്‍ : ഝാന്‍സി: – 05101072, ഒറ: 051621072, കാണ്‍പുര്‍: 05121072, പൊഖ്രായന്‍: 06113270239.

Leave a Reply

Your email address will not be published. Required fields are marked *