കർണാടകത്തിലെ ക്ഷേത്രത്തിന്റെ തറക്കല്ലിടൽ ചടങ്ങിനെത്തിയ ബിജെപി എംപിയെ നാട്ടുകാർ തടഞ്ഞ് തിരിച്ചയച്ചു
മംഗളൂരു: അയോധ്യയിൽ രാമക്ഷേത്ര പ്രതിഷ്‌ഠാ ചടങ്ങ് നടന്ന തിങ്കളാഴ്‌ച കർണാടകത്തിലെ ക്ഷേത്രത്തിന്റെ തറക്കല്ലിടൽ ചടങ്ങിനെത്തിയ ബിജെപി എംപിയെ നാട്ടുകാർ തടഞ്ഞു. മൈസൂരു എംപി പ്രതാപ് സിംഹയെയാണ് ഹരോഹള്ളി ഗുജ്ജെഗൗഡനപുര ഗ്രാമവാസികൾ തടഞ്ഞത്. എംപി ദളിത് വിരുദ്ധനാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. മറ്റ് നേതാക്കൾ ഇടപെട്ട് ജനങ്ങളെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതോടെ ചടങ്ങിൽ പങ്കെടുക്കാതെ എംപി തിരിച്ചുപോയി.

മുൻ മന്ത്രി എസ് ആർ മഹേഷ്, ജി ടി ദേവഗൗഡ എംഎൽഎ തുടങ്ങിയ ജനപ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു. പ്രതാപ് സിംഹ കഴിഞ്ഞ 10 വർഷത്തിനിടെ ഒരിക്കൽപ്പോലും തങ്ങളുടെ ഗ്രാമത്തിലെത്തിയിട്ടില്ലെന്നും തെരഞ്ഞെടുപ്പ് അടുത്തപ്പോൾ രാഷ്‌ട്രീയ നേട്ടത്തിനായി എത്തിയത് അംഗികരിക്കാൻ കഴിയില്ലെന്നും ജനങ്ങൾ പറഞ്ഞു.


അതിനിടെ അയോധ്യ പ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമായി ബംഗളൂരുവിൽ നടന്ന ചടങ്ങിനെത്തിയ സംഘപരിവാർ അനുകൂലികൾ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത് പ്രതിഷേധത്തിനിടയാക്കി. അയോധ്യയിൽ നേടിയെന്നും കാശിയും മഥുരയും പിന്നാലെ ഉണ്ടാകുമെന്നായിരുന്നു മുദ്രാവാക്യം.

