ബിഎസ്‌എൻഎല്ലിൽ ഫ്രാഞ്ചൈസി കൊള്ള; നഷ്ടം കോടികൾ, ലക്ഷ്യം സ്വകാര്യവൽക്കരണം
കോഴിക്കോട് : പുതിയ ഒപ്‌റ്റിക്കൽ കേബിൾ ശൃംഖല സ്ഥാപിക്കാൻ ഫ്രാഞ്ചൈസികളെ ഏൽപ്പിക്കുന്നതിലൂടെ ബിഎസ്‌എൻഎല്ലിന് നഷ്ടം കോടികൾ. നേരത്തെ ബിഎസ്‌എൻഎൽ നേരിട്ട് നടത്തിയ പ്രവൃത്തികളാണ് പൂർണമായും ഫ്രാഞ്ചൈസികൾക്ക് കൈമാറുന്നത്. വരുമാനത്തിന്റെ 50 ശതമാനമാണ് കരാറിലൂടെ ഫ്രാഞ്ചൈസികൾക്ക് ലഭിക്കുക. ബിഎസ്‌എൻഎല്ലിന്റെ നിലവിലുള്ള ഓഫീസ് സംവിധാനം പൂർണമായും ഇല്ലാതാക്കി സ്വകാര്യവൽക്കരണമാണ് കേന്ദ്ര സർക്കാർ ലക്ഷ്യം.
പഴയ ലാൻഡ് ലൈൻ കണക്‌ഷനുകൾ ഒപ്‌റ്റിക്കൽ കേബിൾ ശൃംഖലയിലേക്ക് മാറ്റുന്ന പ്രവൃത്തിക്കാണ് ടെൻഡർ ക്ഷണിച്ചത്. പഴയ ചെമ്പുകമ്പി മാറ്റി ഫൈബർ ടു ദ ഹോം (എഫ്‌ടിടിഎച്ച്) ഒപ്‌ടിക്കൽ ഫൈബർ കേബിളുകളാണ് സ്ഥാപിക്കുക. സംസ്ഥാനത്ത് 3,23,000 ലാൻഡ്‌ലൈൻ കണക്‌ഷനുകളാണ് നിലവിലുള്ളത്. ഇവ പൂർണമായും ഒപ്റ്റിക്കൽ ശൃംഖലയിലേക്ക് മാറും. തുടക്കത്തിൽ ബിഎസ്‌എൻഎൽ ചിലയിടങ്ങളിൽ മാത്രമാണ് ഫ്രാഞ്ചൈസികളെ വച്ചത്. പുതിയ ടെൻഡറിൽ പ്രവൃത്തി പൂർണമായും ഫ്രാഞ്ചൈസികൾക്കാണ്. നിലവിൽ അഞ്ചര ലക്ഷം എഫ്‌ടിടിഎച്ച് കണക്‌ഷനാണുള്ളത്. പുതിയ മൂന്നര ലക്ഷം കണക്‌ഷനും. ഒപ്‌റ്റിക്കലായാൽ ഫ്രാഞ്ചൈസികൾക്ക് ലക്ഷങ്ങളാണ് മാസവും ലഭിക്കുക.

പ്രവൃത്തി നടത്താൻ മുതൽ മുടക്കാനില്ലെന്നാണ് ബിഎസ്‌എൻഎൽ നിലപാട്. കേബിൾ ശൃംഖല വലിക്കുക, ഒപ്‌റ്റിക്കൽ ലൈൻ ടെർമിനൽ സ്ഥാപിക്കുക, മോഡം നൽകുക എന്നിവയാണ് ഫ്രാഞ്ചൈസികൾ ചെയ്യേണ്ടത്. ലൈൻ സ്ഥാപിച്ചാൽ ഭാവി അറ്റകുറ്റപ്പണി മാത്രമാണ് ബാധ്യത. ഇതിനായി വരുമാനത്തിന്റെ പകുതി ഇവർക്ക് ലഭിച്ചുകൊണ്ടിരിക്കും. പ്രവൃത്തി നടത്താൻ ബിഎസ്‌എൻഎല്ലിൽ ജീവനക്കാരില്ലാത്തതും കരാർവൽക്കരണത്തിലേക്ക് നയിച്ചു. 2000ൽ വിആർഎസ് നടപ്പാക്കുമ്പോൾ 1,60,000 ജീവനക്കാരുണ്ടായിരുന്നു. ഇത് 59,000 ആയി കുറഞ്ഞു. വിരമിക്കൽ ഒഴിവുകളിൽ നിയമനം നടക്കാത്തതിനാൽ വർഷംതോറും ആൾബലം കുറയുകയാണ്. ഫ്രാഞ്ചൈസികൾ പിടിമുറുക്കുന്നതോടെ ബിഎസ്‌എൻഎൽ ഓഫീസ് സംവിധാനം തന്നെ ഇല്ലാതാകും. ആകെയുള്ള 1,100 ഓഫീസുകളിൽ പലതും പൂട്ടി.

