KOYILANDY DIARY.COM

The Perfect News Portal

വന്മുഖം ഹൈസ്കൂള്‍ ഗ്രൗണ്ട് യാഥാര്‍ത്ഥ്യമാകുന്നു

ചിങ്ങപുരം: കൊയിലാണ്ടി മണ്ഡലത്തില്‍ ഒരു വാഗ്ദാനംകൂടി പാലിക്കുന്നു. വന്മുഖം ഹൈസ്കൂള്‍ ഗ്രൗണ്ടാണ് എം.എല്‍.എയുടെ ഇടപെടലില്‍ യാഥാര്‍ത്ഥ്യമാകുന്നത്. ഇടതുമുന്നണിയുടെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു പഞ്ചായത്തില്‍ ഒരു കളി സ്ഥലം നി‍ര്‍മ്മിക്കുമെന്നത്. സ്ഥല പരിശോധനക്കായി ഉദ്യോഗസ്ഥസംഘം എത്തി. കായിക പ്രേമികളുടെയും വിദ്യാര്‍ത്ഥികളുടെയും ഏറെക്കാലത്തെ സ്വപ്നമാണ് ഇതോടെ യാഥാര്‍ത്ഥ്യമാകുന്നതെന്ന് എം.എല്‍.എ കാനത്തില്‍ ജമീല പറഞ്ഞു. പൂര്‍ണ്ണമായും സംസ്ഥാന സര്‍ക്കാരിന്‍റെ ഫണ്ട് ഉപയോഗിച്ചാണ് ‌ പദ്ധതി യാഥാര്‍ത്ഥ്യമാക്കുക. എംഎല്‍എ ഫണ്ട് ഉള്‍പ്പെടെ ഉപയോഗപ്പെടുത്തി ഏകദേശം ഒരു കോടിയാണ് പദ്ധതിക്ക് ചിലവ് പ്രതീക്ഷിക്കുന്നത്.

പദ്ധതിയുടെ ഡി.പി.ആര്‍ തയ്യാറാക്കുന്നതിന് സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്‍റെ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, അസി. എഞ്ചിനീയര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഉള്‍പ്പെടെ എത്തി സ്ഥല പരിശോധന പൂര്‍ത്തിയാക്കി. രണ്ടാഴ്ചക്കുള്ളില്‍ ഡിപിആര്‍ തയ്യാറാക്കി നല്‍കണമെന്ന് എം.എല്‍.എ. ആവശ്യപ്പെട്ടിട്ടുണ്ട്. ഡിപിആ‍ര്‍ സമര്‍പ്പിച്ചുകഴിഞ്ഞാല്‍ രണ്ട് മാസംകൊണ്ട് ഭരണാനുമതി ലഭിക്ക‌ുമെന്നും 6 മാസത്തിനകം പ്രവ‍ൃത്തി പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നും എം.എല്‍.എ പറഞ്ഞു.

Share news