സംസ്ഥാന സ്കൂൾ കലോത്സവം: ഇത്തവണ കപ്പിൽ ആര് മുത്തമിടും

കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവം പാതിവഴി പിന്നിടുമ്പോൾ ഇക്കുറി സ്വർണക്കപ്പിൽ ആരു മുത്തമിടും. ചെറിയ വ്യത്യാസത്തിലാണെങ്കിലും കണ്ണൂരാണ് ഇപ്പോൾ മുന്നിട്ട് നിൽക്കുന്നത്. മൂന്നാംദിനം പിന്നിടാനിരിക്കെ ഒരുകാര്യം വ്യക്തം. ഏകപക്ഷീയമായ കുതിപ്പില്ല. മത്സരം ഇഞ്ചോടിഞ്ച്. തൊട്ടുപിന്നിലുള്ളവരുമായി പോയിന്റ് വ്യത്യാസം കുറവാണെങ്കിലും ശനിയാഴ്ച പകലും കണ്ണൂർതന്നെയാണ് മുന്നിൽ. പാലക്കാടും നിലവിലെ ചാമ്പ്യൻമാരായ കോഴിക്കോടും രണ്ടാംസ്ഥാനത്ത് മാറിയും മറിഞ്ഞും നിൽക്കുന്നു. ചിലപ്പോൾ ഒപ്പത്തിനൊപ്പവും. കണ്ണൂരും പാലക്കാടും കഴിഞ്ഞതവണ രണ്ടാംസ്ഥാനം പങ്കിട്ടവരാണ്. കഴിഞ്ഞതവണ ഏഴാംസ്ഥാനത്തായിരുന്ന കൊല്ലം ഇക്കുറി ആതിഥേയരുടെ ആവേശത്തോടെ മുന്നേറുന്നുണ്ട്. പോയിന്റ് നിലയിൽ മൂന്ന്, നാല് സ്ഥാനങ്ങളിൽ മാറിമാറി നിൽക്കുന്നു. കുച്ചിപ്പുടി, തിരുവാതിരകളി, ചവിട്ടുനാടകം, വട്ടപ്പാട്ട്, ദഫ്‌മുട്ട്, ഭരതനാട്യം, നാടോടിനൃത്തം, ഒപ്പന, കേരളനടനം, പരിചമുട്ട്, മിമിക്രി, മോണോ ആക്‌ട്, തുള്ളൽ, കഥകളി, മൈം തുടങ്ങിയ ജനപ്രിയ ഇനങ്ങളാണ് ശനിയാഴ്‌ച നടക്കുന്നത്.

ശനി പകൽ 1.30 വരെ എച്ച്എസ് വിഭാഗത്തിൽ 53 ഇനങ്ങളുടെ ഫലമാണ് വന്നത്. ഹയർ സെക്കൻഡറിയിൽ 48 ഇനങ്ങളിലും ഫലം വന്നു. എച്ച്എസ് സംസ്കൃതോത്സവത്തിൽ ആറ് ഇനങ്ങളും അറബിക് കലോത്സവത്തിൽ ഏഴിനങ്ങളും മാത്രമാണ് ഇനി പൂർത്തിയാകാനുള്ളത്. സ്കൂളുകളിൽ പാലക്കാട് ആലത്തൂർ ബിഎസ്എസ് ഗുരുകുലം ഹയർ സെക്കൻഡറി സ്‌കൂൾ നൂറിലേറെ പോയിന്റുമായി ഏറെ മുന്നിലാണ്. പത്തനംതിട്ട കിടങ്ങന്നൂർ എസ്‍വിജിവിഎച്ച്എസ്എസാണ് രണ്ടാമത്. ഭൂരിഭാഗം വേദികളിലും കൃത്യസമയത്തുതന്നെ ശനി രാവിലെ മത്സരങ്ങൾ തുടങ്ങി. മത്സരങ്ങൾ വൈകുന്നുവെന്ന പരാതിയുടെ പശ്ചാത്തലത്തിൽ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച അവലോകനയോഗം ചേർന്ന് മത്സര സമയക്രമം പാലിക്കാൻ കർശന നിർദേശം നൽകിയിരുന്നു.


പോയിന്റ് നില (ശനി പകൽ

കണ്ണൂർ 474
പാലക്കാട് 465
കോഴിക്കോട് 463
കൊല്ലം 460
തൃശൂർ 448
എറണാകുളം 438
മലപ്പുറം 435
ആലപ്പുഴ 412
തിരുവനന്തപുരം 408
കാസർകോട് 408
കോട്ടയം 399
വയനാട് 389
പത്തനംതിട്ട 355
ഇടുക്കി 342

