KOYILANDY DIARY.COM

The Perfect News Portal

പശുക്കൾ ചത്ത സംഭവത്തിൽ ആശ്വാസവുമായി മന്ത്രിമാർ; 5 പശുക്കളെ നൽകും

മൂലമറ്റം: കുട്ടികർഷകരുടെ 13 പശുക്കൾ ചത്ത സംഭവത്തിൽ ആശ്വാസവുമായി മന്ത്രിമാരായ ജെ. ചിഞ്ചുറാണിയും റോഷി അ​ഗസ്റ്റിനും. മാത്യുവിന്റെ വീട്ടിലെത്തിയ മന്ത്രിമാർ 5 പശുക്കളെ നൽകുമെന്ന് അറിയിച്ചു. മികച്ച കുട്ടിക്ഷീര കർഷകനുള്ള അവാർഡ് ലഭിച്ച വെള്ളിയാമറ്റം കിഴക്കേപ്പറമ്പില്‍ മാത്യുവിന്റെ 13 പശുക്കളാണ് ഭക്ഷണമായി കൊടുത്ത ഉണക്ക മരച്ചീനി തൊലി കഴിച്ച്‌ ചത്തത്.

മരച്ചീനി തൊലിയിലെ വിഷബാധയാണ്‌ പശുക്കൾ ചാകാൻകാരണമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറഞ്ഞു. പത്തു ലക്ഷത്തിലേറെ രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. കുട്ടിക്കർഷകർക്ക് എല്ലാ സഹായവും മന്ത്രി ചിഞ്ചുറാണി ഉറപ്പുനൽകി. ഒരാഴ്ചക്കുള്ളിൽ തന്നെ ഇൻഷുർ ചെയ്ത അഞ്ച് പശുക്കളെ നൽകുമെന്ന് പറഞ്ഞ മന്ത്രി മൂന്ന് പശുക്കൾക്ക് ദുരിതാശ്വാസ നിധിയിൽ നിന്ന് 15000 വീതമുള്ള ധനസഹായം, കേരള ഫീഡ്സിന്റെ ഒരുമാസത്തെ സൗജന്യ കാലിത്തീറ്റയും നൽകുമെന്ന് അറിയിച്ചു.

 

അടിയന്തര സഹായമായി മിൽമ 45000 രൂപ നൽകും. തുടർന്നും കൃഷി മുന്നോട്ട് കൊണ്ടുപോകാനുള്ള എല്ലാവിധ പിന്തുണയും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് മന്ത്രി മാത്യുവിനും കുടുംബത്തിനും ഉറപ്പുനൽകി. നടൻ ജയറാമും മാത്യുവിന്റെ വീട്ടിലെത്തി സ​ഹായം നൽകി. അബ്രഹാം ഓസ്ലർ സിനിമയുടെ ട്രെയിലർ ലോഞ്ച് മാറ്റിവച്ച് 5 ലക്ഷം രൂപയാണ് നടൻ സഹായമായി നൽകിയത്. 

Advertisements
Share news