സമാധാനത്തിന്റെയും സ്നേഹത്തിൻ്റെയും, ശാന്തിയുടെയും സന്ദേശവുമായി ഇന്ന് ക്രിസ്മസ്
സമാധാനത്തിന്റെയും ശാന്തിയുടെയും സന്ദേശവുമായി ഇന്ന് ക്രിസ്മസ്. പ്രാര്‍ഥനയുടെ അകമ്പടിയോടെ ലോകമെങ്ങും വിശ്വാസികള്‍ ഉണ്ണിയേശുവിന്റെ പിറവി ആഘോഷിക്കുകയാണ്. ലോകമെങ്ങുമുള്ള പള്ളികളിൽ പ്രാര്‍ത്ഥനകൾ തുടരുന്നു. സംസ്ഥാനത്തെ പ്രധാനപ്പെട്ട പള്ളികളില്‍ പാതിരാ കുര്‍ബാന നടന്നു. കേരളത്തിലെ വിശ്വാസികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ക്രിസ്മസ് ആശംസകൾ നേര്‍ന്നു. പ്രത്യാശയുടെ പ്രകാശം പ്രസരിപ്പിക്കുന്ന സന്ദർഭമാണ് ക്രിസ്മസ്. ലോകമാകെ കൊണ്ടാടപ്പെടുന്ന ക്രിസ്മസ് കേരളീയർ സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും മൂല്യങ്ങൾ ഊട്ടിയുറപ്പിച്ചുകൊണ്ട് ആഘോഷിക്കുന്ന സന്ദർഭമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഏത് വിഷമ കാലത്തിനുമപ്പുറം നന്മയുടെ ഒരു നല്ല കാലം ഉണ്ടാകുമെന്ന സങ്കല്പത്തിന്റെ സാക്ഷാത്കാരമാണ് ക്രിസ്മസ് സന്ദേശത്തിൽ അടങ്ങിയിട്ടുള്ളത്. മുഴുവൻ കേരളീയർക്കും ക്രിസ്മസിന്റെ നന്മ നേരുന്നു- എന്ന് മുഖ്യമന്ത്രി ക്രിസ്മസ് സന്ദേശത്തിൽ പറഞ്ഞു.


പ്രതിപക്ഷ നേതാവ് വിഡി സതീശനും വിശ്വാസികൾക്ക് ആശംസ അര്‍പ്പിച്ചു. രാജ്യതലസ്ഥാനമായ ഡൽഹിയിലും വിപുലമായ പരിപാടികളാണ് ക്രിസ്മസ് പ്രമാണിച്ച് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വസതിയിൽ ക്രിസ്ത്യൻ മതമേലദ്ധ്യക്ഷന്മാർക്ക് വിരുന്ന് നൽകും. ഇന്ന് ഉച്ചയ്ക്ക് 12.30നാണ് ചടങ്ങ്. ക്രൈസ്തവ വിഭാഗത്തിൽപ്പെട്ട പ്രമുഖ വ്യക്തികൾക്കും ക്ഷണമുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് പരിപാടി നടത്തുന്നത്.

