ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ബേക്കറിയിലേയ്‌ക്ക് ഇടിച്ച് കയറി; കടയുടമ മരിച്ചു
തിരുവനന്തപുരം: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ബേക്കറിയിലേയ്‌ക്ക് ഇടിച്ച് കയറി കടയുടമ മരിച്ചു. വെഞ്ഞാറമൂട് തണ്ട്രാംപൊയ്‌ക ജംഗ്‌ഷന് സമീപം ഇന്ന് പുലർച്ചെ 4. 45നായിരുന്നു അപകടം. കാരേറ്റ് ഭാഗത്ത് നിന്നും തിരുവനന്തപുരത്തേക്ക് വന്ന ആന്ധ്രാ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ ബേക്കറിയിലേയ്‌ക്ക് ഇടിച്ച് കയറുകയായിരുന്നു. കടയുടമ ആലിയാട് സ്വദേശി രമേശൻ (47) ആണ് മരിച്ചത്. കാർ യാത്രക്കാർക്ക് പരിക്കുണ്ടെങ്കിലും ഗുരുതരമല്ല. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് 30 ശബരിമല തീർത്ഥാടകർക്ക് പരിക്കേറ്റിരുന്നു. നിലയ്ക്കലിൽ നിന്നും പമ്പയിലേക്കുപോയ ബസും പമ്പയിൽ നിന്നും നിലയ്ക്കലിലേക്കു പോയ ബസും അട്ടത്തോടിന് സമീപത്ത് വച്ച് കൂട്ടിയിടിക്കുകയായിരുന്നു. പമ്പയിലേക്ക് പോയ ബസിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് ലഭിക്കുന്ന വിവരം. പരിക്കേറ്റ രണ്ട് പേരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും നാലുപേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും വിദഗ്ദ്ധ ചികിത്സയ്ക്കായി മാറ്റിയിട്ടുണ്ട്.

