കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; സ്കൂൾബാഗ് കത്തിച്ചത് ഫാംഹൗസിൽ
കൊല്ലം: കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളെ ഫാംഹൗസിലെത്തിച്ച് ഞായറാഴ്ച തെളിവെടുപ്പ് നടത്തി. കുട്ടിയുടെ സ്കൂൾബാഗ് കത്തിച്ചതിന്റെ അവശിഷ്ടങ്ങളും പാതി കത്തിയ നോട്ടുബുക്കും ഇൻസ്ട്രുമെന്റ് ബോക്സും കണ്ടെടുത്തു. കുട്ടിയെ തട്ടിക്കൊണ്ടുപോയശേഷം അന്നുരാത്രി താമസിപ്പിച്ച ചാത്തന്നൂരിലെ വീട്ടിൽവച്ചാണ് ബാഗ് കത്തിച്ചതെന്നായിരുന്നു പ്രതികളിലൊരാളായ അനിതകുമാരി നൽകിയ മൊഴി.

തുടർന്ന് പ്രതികളുമായി ശനിയാഴ്ച വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പരിശോധനയിൽ എന്തോ കത്തിച്ചതിന്റെ അവശിഷ്ടം കണ്ടെത്തിയെങ്കിലും ബാഗ് തന്നെയെന്ന് ഉറപ്പിച്ചിരുന്നില്ല. ചാരം ഉൾപ്പെടെ പരിശോധനയ്ക്ക് എടുത്തു. തുടർന്ന് അനിതകുമാരിയെ വീണ്ടും ചോദ്യംചെയ്തതോടെയാണ് തെങ്ങുവിളയിലെ ഫാമിൽവച്ചാണ് കത്തിച്ചതെന്ന് വെളിപ്പെടുത്തിയത്.

ഇതുപ്രകാരം ഞായറാഴ്ച പകൽ 11ന് അന്വേഷണ സംഘത്തലവൻ ഡിവൈഎസ്‌പി എം എം ജോസിന്റെ നേതൃത്വത്തിൽ പ്രതികളായ ചാത്തന്നൂർ മാമ്പള്ളികുന്നം കവിതാരാജിൽ കെ ആർ പത്മകുമാർ (52), ഭാര്യ എം ആർ അനിതകുമാരി (39), മകൾ പി അനുപമ (21) എന്നിവരുമായി തെങ്ങുവിളയിലെ ഫാമിലെത്തി. ബാഗ് കത്തിച്ച അനിതകുമാരിയെ മാത്രമാണ് വാനിൽനിന്ന് പുറത്തിറക്കിയത്.

ഇവരുമായി നടത്തിയ തെളിവെടുപ്പിൽ മൂന്നര ഏക്കറോളം വരുന്ന ഫാമിൽ ഏറ്റവും പിന്നിലായി നായകളെ പാർപ്പിക്കുന്ന ഷെഡിന് തൊട്ടുസമീപമാണ് ബാഗിന്റെയും നോട്ട്‌ബുക്കിന്റെയും അവശിഷ്ടങ്ങൾ കണ്ടെടുത്തത്. ഫോറൻസിക്, വിരലടയാള വിദഗ്ധർ എന്നിവർ തെളിവുകൾ ശേഖരിച്ചു. അവശിഷ്ടങ്ങൾ പരിശോധനയ്ക്ക് അയക്കും. ഒരു മണിക്കൂറോളം സ്ഥലവും പരിസരവും പരിശോധിച്ചു. ഫാമിലെ തെളിവെടുപ്പിനുശേഷം ചാത്തന്നൂരിലെ ഹോട്ടലിലും എത്തിച്ച് തെളിവെടുത്തു.

തടിച്ചുകൂടി
പ്രദേശവാസികൾ
പ്രതികളെ കൊണ്ടുവരുന്നതറിഞ്ഞ് ഗേറ്റിനു മുന്നിൽ പ്രദേശവാസികൾ തടിച്ചുകൂടി. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പാരിപ്പള്ളി, പരവൂർ സ്റ്റേഷനുകളിൽനിന്ന് പൊലീസ് സംഘവും സ്ഥലത്തെത്തി. മൂന്നുപേരെയും പൊലീസ് വാനിലെത്തിച്ചു. അനിതകുമാരിയെ മാത്രമാണ് പുറത്തിറക്കിയത്. ഷാളുകൊണ്ട് മുഖം മറച്ച നിലയിലായിരുന്നു അനിതകുമാരി. മാധ്യമങ്ങൾ ഒപ്പം കൂടിയതോടെ അനിതകുമാരി അസ്വസ്ഥയായി. മനുഷ്യനെ വഴി നടക്കാൻ വിടൂ എന്നായിരുന്നു പ്രതികരണം.
