KOYILANDY DIARY.COM

The Perfect News Portal

ജമ്മു-കശ്‌മീരിന്‌ പ്രത്യേക പദവി റദ്ദാക്കിയ നടപടി: ഇന്ന് സുപ്രധാന വിധി

ന്യൂഡൽഹി: ഇന്ന് സുപ്രധാന വിധി.. ജമ്മു -കശ്‌മീരിന്‌ പ്രത്യേക പദവി അനുവദിച്ചിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടിയെ ചോദ്യംചെയ്‌തുള്ള ഹർജികളിൽ സുപ്രീംകോടതി തിങ്കളാഴ്‌ച വിധി പറയും. അനുച്ഛേദത്തിൽ മാറ്റംവരുത്താൻ പാർലമെന്റിന്‌ അധികാരമുണ്ടോയെന്ന മുഖ്യചോദ്യമാണ്‌ കോടതി പരിശോധിക്കുന്നത്‌. സംസ്ഥാനമായിരുന്ന ജമ്മു കശ്‌മീരിനെ രണ്ട്‌ കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചതിന്റെ ഭരണഘടനാ സാധുതയും നോക്കും. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പെടെ 14 പേരാണ്‌ കേന്ദ്രനടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്‌. 

ചീഫ്‌ ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌, ജസ്റ്റിസുമാരായ എസ്‌ കെ കൗൾ, സഞ്‌ജീവ്‌ ഖന്ന, ബി ആർ ഗവായ്‌, സൂര്യകാന്ത്‌ എന്നിവരുൾപ്പെട്ട ബെഞ്ചാണ്‌ ഹർജികൾ കേട്ടത്‌. 16 ദിവസം നീണ്ട വാദത്തിനുശേഷം സെപ്‌തംബർ അഞ്ചിനാണ്‌ വിധി പറയാൻ മാറ്റിയത്‌. ഇതിനിടെ കഴിഞ്ഞദിവസം ജമ്മു കശ്‌മീർ പുനഃസംഘടനാ നിയമത്തിൽ വീണ്ടും ഭേദഗതികൾ വരുത്തിയുള്ള ബില്ലുകൾ കേന്ദ്രം പാർലമെന്റിൽ അവതരിപ്പിച്ചിരുന്നു. 2019-ലാണ് കേന്ദ്ര സർക്കാർ കശ്‌മീരിന്റെ പ്രത്യേകപദവി എടുത്ത് കളയുന്നത്.

താൽകാലിക സ്വഭാവമാമായിരുന്നു 370-ാം അനുച്ഛേദം റദ്ദാക്കുന്നതിൽ തീരുമാനമെടുക്കേണ്ടത്‌ ജമ്മു -കശ്‌മീർ ഭരണഘടനാ നിർമാണസഭയായിരുന്നു. 1951 മുതൽ 1957 വരെ തുടർന്ന ഭരണഘടനാ നിർമാണസഭ ഇക്കാര്യത്തിൽ തീരുമാനമെടുത്തില്ല. അതോടെ ഇതിന്‌ സ്ഥിരസ്വഭാവം കൈവന്നു. സംസ്ഥാനത്തിന്റെ ഘടനയിൽ മാറ്റം വരുത്തണമെങ്കിൽ നിയമസഭയുടെ അനുമതി വേണം. അതില്ലാതെയാണ്‌ ജമ്മു കശ്‌മീരിനെ രണ്ട്‌ കേന്ദ്രഭരണ പ്രദേശങ്ങളാക്കിയത്‌. സംസ്ഥാനത്തെ ഒരിക്കലും കേന്ദ്രഭരണ പ്രദേശമാക്കാനാകില്ല – ഹർജിക്കാർ ചൂണ്ടിക്കാട്ടി.

Advertisements

വിധി അനുകൂലമാകില്ലെന്ന്‌ 
മെഹബൂബ
ശ്രീന​ഗര്‍ കേന്ദ്ര സർക്കാർ അനുച്ഛേദം 370 റദ്ദാക്കിയതിലെ സുപ്രീംകോടതി ഉത്തരവ്‌ രാജ്യത്തിന്റെയും ജമ്മുകശ്‌മീരിന്റെയും താൽപ്പര്യത്തിന്‌ വിരുദ്ധമാകുമെന്നാണ്‌ സൂചനയെന്ന്‌ പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി. റദ്ദാക്കൽ അംഗീകരിക്കുന്നതാവും വിധിയെന്ന സൂചനകൾ ലഭിച്ചുതുടങ്ങി. പ്രതിപക്ഷ പാർടി പ്രവർത്തകരുടെ പേരടങ്ങിയ പട്ടികകൾ പൊലീസ്‌ സ്‌റ്റേഷനുകളിൽ കൈമാറുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. വിധി ജമ്മു കശ്‌മീരിന്‌ അനുകൂലമാകുമെന്നാണ് ഇപ്പോൾ പ്രതീക്ഷയെന്ന് നാഷണൽ കോൺഫറൻസ്‌ നേതാവ്‌ ഒമര്‍ അബ്ദുല്ല പ്രതികരിച്ചു. 

തിങ്കളാഴ്‌ച വിധി പ്രഖ്യാപിക്കാനിരിക്കെ, സമൂഹമാധ്യമ പോസ്റ്റുകളുടെ പേരില്‍ ജമ്മുകശ്‌മീരിൽ ഒമ്പത് പേര്‍ക്കെതിരെ കേസെടുത്തു. വിദ്വേഷം പ്രചരിപ്പിക്കുന്ന പോസ്റ്റുകള്‍ പങ്കുവച്ചെന്നാരോപിച്ചാണ് നടപടി. വാഹനപരിശോധനയടക്കം സുരക്ഷ ശക്തമാക്കി. സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ഒരു ശ്രമവും അനുവദിക്കില്ലെന്ന് കശ്മീര്‍ സോണ്‍ ഐജിപി വിര്‍ദി കുമാര്‍ പറഞ്ഞു.

Share news