കേരളത്തിന്റേത് വിയോജിപ്പുകളെ അംഗീകരിക്കുന്ന സാംസ്കാരിക സമീപനം; എം എ ബേബി
തിരുവനന്തപുരം: കേരളത്തിന്റേത് രാഷ്ട്രീയമായി വ്യത്യസ്ത നിലപാടുകളുള്ളവരെയും വിയോജിപ്പുകളുള്ളവരെയും അംഗീകരിക്കുന്ന സാംസ്കാരിക സമീപനമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. പോളിഷ് സംവിധായകൻ ക്രിസ്റ്റോഫ് സനൂസിയെ ഐഎഫ്എഫ്കെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിനായി തെരഞ്ഞെടുത്തതിനെ ചൊല്ലി ചില കോണുകളിൽനിന്ന് ഉയർന്ന വിവാദങ്ങളിൽ കാര്യമില്ല.

28–-ാമത് ഐഎഫ്എഫ്കെയുടെ മീഡിയ സെൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷ വീക്ഷണങ്ങളോട് ആശയപരമായി വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം ലോകസിനിമയിലെ മികച്ച ചലച്ചിത്ര ആചാര്യനാണ്. സനൂസിക്ക് സനൂസിയുടേതായ അഭിപ്രായങ്ങളുണ്ടാകാം.

യോജിപ്പുള്ളവരെ മാത്രമല്ല വിയോജിപ്പുള്ളവരെക്കൂടി നാം കേൾക്കണം. അതിൽനിന്ന് നല്ല വിമർശങ്ങൾ ഉൾക്കൊള്ളണം. അല്ലാത്തവയെ തള്ളിക്കളയണം. കമ്യൂണിസത്തെപ്പറ്റി സനൂസി നടത്തിയ അഭിപ്രായ പ്രകടനങ്ങൾക്ക് 1998ൽ തന്നെ മാർക്സിസ്റ്റ് ചിന്തകൻ പി ഗോവിന്ദപ്പിള്ള മറുപടി കൊടുത്തിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. കേരള മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു അധ്യക്ഷനായി.

