KOYILANDY DIARY.COM

The Perfect News Portal

ദേശാഭിമാനി സീനിയര്‍ റിപ്പോര്‍ട്ടര്‍ എം വി പ്രദീപ് (48) അന്തരിച്ചു

തിരുവനന്തപുരം: ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോയിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ എം വി പ്രദീപ് (48) അന്തരിച്ചു. തിങ്കളാഴ്ച രാത്രി 11.15 ഓടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് അന്ത്യം. നെഞ്ചുവേദനയെ തുടര്‍ന്ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.

സംസ്‌കാരം ബുധനാഴ്ച രാവിലെ എരുവേശിയില്‍. വിദ്യാഭ്യാസ മേഖലയിലെ റിപ്പോര്‍ട്ടിങ്ങില്‍ മികവു തെളിയിച്ച പത്രപ്രവര്‍ത്തകനായിരുന്നു. ജനറല്‍ റിപ്പോര്‍ട്ടിങ്ങിലും ശ്രദ്ധിക്കപ്പെടുന്ന നിരവധി വാര്‍ത്തകള്‍ തയ്യാറാക്കിയിട്ടുണ്ട്. മികച്ച ഹ്യൂമന്‍ ഇന്ററസ്റ്റിങ് സ്‌റ്റോറിക്കുള്ള ട്രാക് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 1998ല്‍ ശ്രീകണ്ഠപുരം ഏരിയ ലേഖകനായി ദേശാഭിമാനിയിലെത്തി. 2008ല്‍ സബ് എഡിറ്റര്‍ ട്രെയിനിയായി.

 

കൊച്ചി, കോട്ടയം, കണ്ണൂര്‍, ഇടുക്കി, കാസര്‍കോട്, കോഴിക്കോട് ബ്യൂറോകളിലും സെന്‍ട്രല്‍ ഡസ്‌കിലും പ്രവര്‍ത്തിച്ചു. കണ്ണൂര്‍ ശ്രീകണ്ഠപുരം എരുവേശിയില്‍ ചുണ്ടക്കുന്ന് മഴുവഞ്ചേരി വീട്ടില്‍ പരേതനായ വേലപ്പന്‍ നായരുടെയും ലീലാമണിയുടെയും മകനാണ്. ഭാര്യ: പി കെ സിന്ധുമോള്‍ (ശ്രീകണ്ഠാപുരം പൊടിക്കളം മേരിഗിരി ഇംഗ്ലീഷ് മീഡിയം എച്ച്എസ്എസ് അധ്യാപിക). മകള്‍: അനാമിക (വിദ്യാര്‍ത്ഥിനി, കെഎന്‍എം ഗവ. കോളേജ് കാഞ്ഞിരംകുളം, തിരുവനന്തപുരം). സഹോദരങ്ങള്‍: പ്രദീഷ്, പ്രമീള.

Advertisements
Share news