കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന്
കൊല്ലം: ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന്. കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി എം എം ജോസിന്റെ നേതൃത്വത്തിൽ 13 അംഗ ടീമാണ് കേസ് അന്വേഷിക്കുക. ഉത്തരവ് ദക്ഷിണമേഖലാ ഡിഐജി ആർ നിശാന്തിനി കൈമാറി.

അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘം പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് കൊട്ടാരക്കര ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ അപേക്ഷ നൽകി. വെള്ളിയാഴ്ച പിടിയിലായ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ ആർ പത്മകുമാർ (52), ഭാര്യ എം ആർ അനിതകുമാരി (45), മകൾ പി അനുപമ (20) എന്നിവർ റിമാൻഡിലാണ്.

കൊട്ടാരക്കര സബ്ജയിലിലേക്ക് അയച്ച പത്മകുമാറിനെ ജയിൽ ഡിഐജിയുടെ ഉത്തരവ് അനുസരിച്ച് തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി. പ്രതികളുടെ കാർ ശാസ്ത്രീയപരിശോധന നടത്തി. കസ്റ്റഡിയിൽ കിട്ടിയാലുടൻ മൂവരെയും സ്ഥലത്തെത്തിച്ച് തെളിവെടുക്കും. പ്രതികൾ പാർപ്പിച്ച വീട്ടിൽ ആറു വയസ്സുകാരിയെ എത്തിച്ച് തെളിവെടുക്കാനും ശ്രമമുണ്ട്. പൂയപ്പള്ളി പൊലീസ് രജിസ്റ്റർചെയ്ത കേസിൽ അനേഷണത്തിനു റൂറൽ എസ്‌പി കെ എം സാബു മാത്യു മേൽനോട്ടം വഹിക്കും.

