KOYILANDY DIARY.COM

The Perfect News Portal

കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതികളെ കസ്റ്റഡിയിൽ കിട്ടാൻ അപേക്ഷ നൽകും

കൊല്ലം: ഓയൂരിൽ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം. പ്രതികളെ കസ്റ്റഡിയിൽ കിട്ടാൻ അന്വേഷകസംഘം കൊട്ടാരക്കര കോടതിയിൽ അപേക്ഷ നൽകും. കൊട്ടാരക്കര സബ്ജയിലിൽ റിമാൻഡിലുള്ള ചാത്തന്നൂർ മാമ്പള്ളിക്കോണം കവിതാരാജിൽ കെ ആർ പത്മകുമാർ, അട്ടക്കുളങ്ങര വനിതാ സബ്ജയിലിലുള്ള ഭാര്യ അനിതകുമാരി, മകൾ അനുപമ എന്നിവരെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ്‌ നടത്തണ്ടതുണ്ട്. തട്ടിക്കൊണ്ടുപോയ ശേഷം കുട്ടിയെ താമസിപ്പിച്ച പത്മകുമാറിന്റെ  ചാത്തന്നൂരിലെ വീട്ടിൽ കുട്ടിയുമായി തെളിവെടുക്കും.

ആദ്യ രേഖാചിത്രം ?  
ആദ്യം പുറത്തുവന്ന പുരുഷന്റെ രേഖാചിത്രവുമായി ബന്ധപ്പെട്ട സംശയങ്ങൾ അന്വേഷക സംഘം തള്ളി. കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ സ്ത്രീയും പുരുഷനും ​കിഴക്കനേല സ്കൂൾ ജങ്ഷനിലെ ​ഗിരിജയുടെ തട്ടുകടയിലെത്തിയിരുന്നു. ​​​ഗിരിജ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആദ്യ രേഖാചിത്രം വരച്ചത്. ആളുടെ രൂപത്തേക്കുറിച്ച് വ്യക്തതയില്ലെന്ന് ഗിരിജ അന്നുതന്നെ പൊലീസിനോട് പറഞ്ഞിരുന്നു.

 

പിന്നീട് പുറത്തുവന്ന സ്ത്രീയുടെ രേഖാചിത്രം കണ്ണനല്ലൂർ പൊലീസ് സ്റ്റേഷനിലെ കേസുമായി ബന്ധപ്പെട്ടതാണ്. കൊട്ടിയം പുലിയില ജങ്ഷനിലെ വീട്ടിൽനിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന പരാതിയിൽ സ്ത്രീയെകണ്ട 12 വയസുള്ള കുട്ടി പറഞ്ഞത് അനുസരിച്ചാണ് ഈ രേഖാചിത്രം വരച്ചത്. ഓയൂരിലെ കേസുമായി ബന്ധമുണ്ടോയെന്നറിയാനാണിത്. ഒടുവിൽ ഓയൂരിലെ തട്ടിക്കൊണ്ടുപോകപ്പെട്ട കുട്ടി പറഞ്ഞത് അനുസരിച്ച് പൊലീസ് പുറത്തുവിട്ടതാണ്  യഥാർത്ഥ രേഖാചിത്രം.

Advertisements

 

പ്രതികൾ മൂന്നോ നാലോ ?
പ്രതികളുമായി ഏറ്റവും കൂടുതൽ സമയം ചെലവഴിച്ചത് ആറു വയസ്സുകാരിയാണ്. ആ കുട്ടി ആവർത്തിച്ച് പൊലീസിനോട് പറഞ്ഞത് മൂന്നുപേർ എന്നാണ്. സഹോദരൻ നാലുപേരുണ്ടെന്ന് ആദ്യം പറഞ്ഞതായി പലരും ചൂണ്ടിക്കാട്ടുന്നുണ്ട്.  എന്നാൽ, സഹോദരൻ ചെറിയ സമയം മാത്രമാണ് പ്രതികളെ കണ്ടത്. തിങ്കൾ വൈകിട്ട്‌ 4.30മുതൽ ചൊവ്വ പകൽ 1.30വരെ പ്രതികൾക്ക് ഒപ്പമുണ്ടായത് ആറുവയസ്സുകാരിയാണ്.

 

ആവർത്തിച്ച്‌ ചോദിച്ചിട്ടും മൂന്നുപേരെയുള്ളൂവെന്നാണ് പെൺകുട്ടി പറഞ്ഞത്. കുടുംബത്തിൽനിന്ന് അകന്ന് അപരിചിതരോടൊപ്പം കഴിയേണ്ടിവന്ന ആറുവയസ്സുകാരി മാനസ്സിക സംഘർഷത്തിലായിരുന്നു. ആദ്യദിനം ആശുപത്രിയിലായിരുന്നു. പിറ്റേദിവസമാണ് കുട്ടിയിൽനിന്ന് വിവരം ശേഖരിച്ചത്. ഇതനുസരിച്ചാണ് മൂന്നുപ്രതികളുടെയും രേഖാചിത്രം തയ്യാറാക്കിയത്. അതിൽ ഒരാളുടെ രൂപം കൃത്യമായ സാമ്യമുള്ളതായിരുന്നു. അന്വേഷണത്തിൽ ഇനിയും സംശയമുണ്ടെങ്കിൽ കുട്ടിയിൽനിന്ന് വീണ്ടും വിവരം ശേഖരിക്കും.

 

കെട്ടുകഥകൾ പൊളിഞ്ഞപ്പോൾ ‘സംശയമുന’
ഓയൂരിലെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നാലു ദിവസം പ്രചരിപ്പിച്ച കെട്ടുകഥകളും കുറ്റപ്പെടുത്തലും പൊളിഞ്ഞപ്പോൾ അന്വേഷക സംഘത്തെ പഴിചാരി മാധ്യമങ്ങൾ. തങ്ങൾ പറഞ്ഞ കഥകൾക്കു പിന്നാലെ പൊലീസ്‌ പോകാത്തതും മാധ്യമങ്ങളുടെ അനാവശ്യ സമ്മർദത്തെക്കുറിച്ച്‌ എഡിജിപി തുറന്ന്‌ പറഞ്ഞതുമാണ്‌ യുഡിഎഫ്‌ അനുകൂല പത്രങ്ങളെ വിറളി പിടിപ്പിച്ചത്‌.

പൊലീസിന്‌ എന്ത്‌ റോളെന്ന്‌ ചോദിച്ച പ്രതിപക്ഷ നേതാക്കൾക്ക്‌ ഇൻപുട്ട്‌ നൽകലായിരുന്നു നാലു ദിവസം മാധ്യമങ്ങളുടെ  ‘കടമ’. ഇതിനായി പല കഥകളും മെനഞ്ഞു. പ്രതികൾ ഇരുളിൽ മറഞ്ഞെന്ന്‌ കരുതി പൊലീസിനെയും സർക്കാരിനെയും വിമർശിക്കാൻ സുവർണാവസരം പ്രതീക്ഷിച്ച പ്രതിപക്ഷത്തിനും യുഡിഎഫ്‌ അനുകൂല മാധ്യമങ്ങൾക്കും പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ്‌ പിടിച്ചത്‌ രസിച്ചില്ല. ഇതോടെ ‘അക്കമിട്ട പൊരുത്തക്കേടുകളാണ്‌’ മാധ്യമങ്ങൾ നിരത്തുന്നത്‌. 

രേഖാചിത്രത്തിന്റെ കാര്യത്തിലാണ്‌ മാധ്യമങ്ങളുടെ പ്രധാന സംശയം. ആദ്യദിവസം പ്രതികളെത്തിയ കടയിലെ സ്ത്രീ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്‌ രേഖാചിത്രം വരച്ചത്‌. ഇരുട്ടത്ത്‌ കണ്ട വ്യക്തിയെക്കുറിച്ചുള്ള അവ്യക്ത വിവരണം മാത്രമാണ്‌ ഇവർ നൽകിയത്‌. പിന്നീട്‌ കുട്ടി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചിത്രം വരച്ചപ്പോൾ പത്മകുമാറിന്റെ രൂപവുമായി സാദൃശ്യമുള്ള ചിത്രം വരച്ചു. ഇതോടെ ആദ്യ ചിത്രത്തിലുള്ളത്‌ നാലാമത്തെ ആളാണെന്ന്‌ മാധ്യമങ്ങൾ സ്ഥിരീകരിച്ചു.

മോചനദ്രവ്യമായി ആവശ്യപ്പെട്ട തുകയുടെ കാര്യത്തിലും മാധ്യമങ്ങൾക്ക്‌ സംശയമാണ്‌. കുട്ടിയുടെ മാതാവിനോട്‌ പറഞ്ഞ കാര്യങ്ങളാണ്‌ ഇവർ പ്രചരിപ്പിക്കുന്നത്‌. പുരോഹിതനുമായി സംസാരിച്ച വിഷയം യുഡിഎഫ്‌ പത്രം മനഃപൂർവം മറച്ചുവച്ചു. കുട്ടിയെ തട്ടിക്കൊണ്ടു പോയ സമയം പ്രതികൾ മൊബൈൽ ഫോൺ ഉപയോഗിച്ചില്ല എന്നത്‌ ഒരു ഘട്ടത്തിലും ഫോൺ ഉണ്ടായിരുന്നില്ലെന്ന്‌ മാധ്യമങ്ങൾ ‘തിരുത്തി’. അമ്മയുടെ നമ്പർ കുട്ടി നൽകിയെന്ന വിവരത്തിലും മാധ്യമങ്ങൾക്ക്‌ ‘തൃപ്‌തി’ പോരാ. 


അനുപമയുടെ യുട്യൂബ്‌ വരുമാനം കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി നിലച്ചതും തട്ടിക്കൊണ്ടുപോകലിന്‌ കാരണമായെന്ന്‌ പൊലീസ്‌ വ്യക്തമാക്കിയിരുന്നു. ഇതും യുഡിഎഫ്‌ പത്രം വിശ്വസിച്ചിട്ടില്ല. പൊലീസ്‌ പറയുന്നതാണോ സത്യമെന്നാണ്‌ ഒരു പത്രത്തിന്റെ സംശയം. തങ്ങളുടെ കഥകളെല്ലാം പൊളിഞ്ഞ്‌ സത്യം പുറത്തുവന്നതിലുള്ള നിരാശ മറച്ചുവയ്‌ക്കാൻ മാധ്യമങ്ങൾക്കാകുന്നില്ല എന്നതാണ്‌ പ്രതികൾ പിടിയിലായ ശേഷവുമുള്ള കഥകൾക്കു പിന്നിലെ സത്യം. 

Share news