‘അക്ഷരമുറ്റം’ പതിപ്പ് അറിവിന്റെ വിശാലലോകം തുറക്കുന്നു; ടി പത്മനാഭൻ
കണ്ണൂർ: ‘അക്ഷരമുറ്റം’ പതിപ്പ് അറിവിന്റെ വിശാലലോകം തുറക്കുന്നുവെന്ന് കഥാകൃത്ത് ടി പത്മനാഭൻ. സൈലം– ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റിന്റെ മെഗാഫൈനൽ കണ്ണൂർ വി കെ കൃഷ്ണമേനോൻ സ്മാരക ഗവ. വനിതാ കോളേജിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

‘അക്ഷരമുറ്റ’ത്തിന്റെ ഉള്ളടക്കം പിന്തുടരുന്ന വിദ്യാർത്ഥികൾ മിടുക്കരായി വളരും. ഏറ്റവും മികച്ചനിലയിലും പ്രൊഫഷണലായും ഈ പതിപ്പ് ഇറക്കാൻ ദേശാഭിമാനിക്ക് കഴിയുന്നുണ്ട്. വർഷങ്ങളായി ഇത്രയധികം കുട്ടികൾ പങ്കെടുക്കുന്ന ക്വിസ് മത്സരം സംഘടിപ്പിക്കാനാകുന്നതും മികവിന്റെ അടയാളമാണ്. പത്രം വായിച്ചും ചുറ്റുമുള്ളതിനെയെല്ലാം കണ്ടും അറിഞ്ഞും കുട്ടികൾ മിടുക്കരായി വളരണമെന്നും അദ്ദേഹം പറഞ്ഞു.

