മറ്റ് സംസ്ഥാനങ്ങളിൽ കർഷകർക്ക് നെല്ല് വിറ്റ് നഷ്‌ടം; കേരള സർക്കാർ നൽകുന്നത് മികച്ച വില
പാലക്കാട്: മറ്റ് സംസ്ഥാനങ്ങളിൽ കർഷകർക്ക് നെല്ല് വിറ്റ് നഷ്‌ടം പേറുമ്പോൾ കേരള സർക്കാർ നൽകുന്നത് മികച്ച വില. 20. 40 രൂപ കേന്ദ്ര സർക്കാർ താങ്ങുവിലക്കൊപ്പം സംസ്ഥാനം പ്രത്യേകമായി അനുവദിച്ച 7.80 രൂപ ഇൻസെന്റീവ് ബോണസ് കൂടി ചേർത്ത് 28.20 രൂപ നൽകി കർഷകർക്ക് കരുതലാകുകയാണ്. നിലവിൽ കേന്ദ്രം 1.43 രൂപ കൂടി ഉയർത്തി 21.83 രൂപയിലെത്തിയിട്ടുണ്ട്. ഈ തുക കർഷകർക്ക് ലഭിച്ച് തുടങ്ങിയിട്ടില്ല.

പശ്‌ചിമ ബംഗാൾ, പഞ്ചാബ്, ഉത്തർപ്രദേശ്, ഛത്തീസ്‌ഗഡ്, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നെല്ല് ഉൽപ്പാദിപ്പിക്കുന്നുണ്ടെങ്കിലും സംഭരണമില്ല. ഉൽപ്പാദിപ്പിക്കുന്ന നെല്ലിന്റെ ഏഴ് ശതമാനം മാത്രമേ അഗ്രികൾച്ചർ പ്രൊഡ്യൂസ് മാർക്കറ്റിൽ എത്തുന്നുള്ളു. ഇത്രയും നെല്ലിന് മാത്രമേ സർക്കാർ പ്രഖ്യാപിച്ച താങ്ങുവില ലഭിക്കുന്നുള്ളു. ബാക്കി നെല്ല് മുഴുവൻ 14 മുതൽ 16 വരെ രൂപയ്‌ക്ക് സ്വകാര്യമേഖലയ്‌ക്ക് വിൽക്കുന്നു.

സ്വകാര്യ മേഖലയ്‌ക്ക് ചൂഷണത്തിന് നെൽകർഷകരെ ഇട്ടുകൊടുക്കുകയാണ് കേന്ദ്ര സർക്കാർ. കേരളത്തിന് തൊട്ടുപിന്നിൽ ഛത്തീസ്‌ഗഡിലാണ് നെല്ലിന് ഉയർന്ന താങ്ങുവില, അവിടെ 26.30 രൂപയാണ് ലഭിക്കുക. സ്വകാര്യ മാർക്കറ്റിന്റെ ചൂഷണത്തിന് കർഷകരെ വിട്ടുകൊടുക്കാതെ സർക്കാർ സംരക്ഷണം തീർക്കുന്നത് കേരളത്തിൽ മാത്രമാണെന്ന് അഖിലേന്ത്യ കിസാൻസഭ ഫിനാൻസ് സെക്രട്ടറി പി കൃഷ്‌ണപ്രസാദ് പറഞ്ഞു.

ഇവിടെ സർക്കാരിന്റെ കരുതൽ

രാജ്യത്ത് കേരളത്തിൽ അല്ലാതെ എവിടെ കിട്ടും ഒരു കിലോ നെല്ലിന് 28.20 രൂപ. ഇതുപോലെ സർക്കാരിന് കരുതലുള്ള മറ്റൊരു നാടുണ്ടോ – പെരുവെമ്പ് അത്തിയമ്പാടത്തെ കർഷകൻ എ അമീർ ചോദിക്കുന്നു. ഉൽപ്പാദന ബോണസുൾപ്പെടെ വിവിധ ആനുകൂല്യങ്ങളുമിവിടെയുണ്ട്. കേന്ദ്ര സർക്കാർ അർഹതപ്പെട്ട താങ്ങുവില നൽകാതെ വരിഞ്ഞു മുറുക്കുമ്പോഴും സംസ്ഥാനം വായ്‌പയെടുത്തിട്ടായാലും കർഷകർക്ക് പണം നൽകുന്നു – സർക്കാരിന്റെ കരുതലിൽ ഞങ്ങൾക്ക് ഏറെ അഭിമാനവും സന്തോഷവുമുണ്ട് – അമീർ പറയുന്നു.
