ഗവർണറുടെ പരാമർശം ഭരണഘടനാവിരുദ്ധം; മന്ത്രി പി രാജീവ്
മലപ്പുറം: ഗവർണറുടെ പരാമർശം ഭരണഘടനാവിരുദ്ധമെന്ന് മന്ത്രി പി രാജീവ്. തനിക്ക് രാഷ്‌ട്രപതിയോടുമാത്രമേ ബാധ്യതയുള്ളൂവെന്ന് പറയുന്നതിലൂടെ സുപ്രീംകോടതിയെ അംഗീകരിക്കില്ലെന്ന ഗവർണറുടെ നിലപാടാണ് പ്രകടമാകുന്നതെന്ന് പി രാജീവ് പറഞ്ഞു. ഇത് ഭരണഘടനാവിരുദ്ധവും കോടതിയെ അവഹേളിക്കലുമാണ്. രാഷ്‌ട്രപതിയെടുത്ത തീരുമാനംവരെ റദ്ദാക്കാൻ സുപ്രീംകോടതിക്ക് അധികാരമുണ്ട്.

കണ്ണൂർ സർവകലാശാലാ വിസിയെ നിയമിച്ചത് ചാൻസലറാണ്. അതിനാൽ സർക്കാരിന്റെ നിയമനമല്ല, ചാൻസലറുടെ നിയമനമാണ് കോടതി റദ്ദാക്കിയത്. നിയമപരമായി നിലനിൽക്കുമോ എന്നുതോന്നിയ മൂന്ന് പ്രശ്‌നങ്ങളാണ് ഉയർന്നത്. ഇവയോട് കോടതിക്കും വ്യത്യസ്‌ത നിലപാടല്ല എന്നാണ് വ്യക്തമാകുന്നത്.

സമ്മർദത്തിന് വിധേയമായാണ് നിയമിച്ചതെന്ന് ഗവർണർ പറയുമ്പോൾ സ്വാഭാവികമായും സുപ്രീംകോടതിക്ക് അത് രേഖപ്പെടുത്തേണ്ടിവരും. താൻ കേസിൽ കക്ഷിയായിരുന്നില്ല എന്നാണ് ഗവർണർ പറയുന്നത്. റബർ സ്‌റ്റാമ്പല്ലെന്ന് നാഴികയ്‌ക്ക് നാൽപ്പതുവട്ടം പറയുന്നയാൾ സമ്മർദത്തിനുവഴങ്ങിയെന്ന് സ്വയം പറയുകയാണ്. ചാൻസലർക്കെതിരെയാണ് കോടതിയുടെ പരാമർശങ്ങൾ–- രാജീവ് മാധ്യമങ്ങളോട് പ്രതികരിച്ചു.

