കട്ടമരത്തൊഴിലാളികള്‍ക്ക് ധനസഹായം നൽകി
കോവളം: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിൻറെ ഭാഗമായി തൊഴില്‍ നഷ്ടപ്പെട്ട കട്ടമരത്തൊഴിലാളികള്‍ക്ക് ധനസഹായം നൽകി. 56 കട്ടമരത്തൊഴിലാളികൾക്കാണ് നഷ്ടപരിഹാരം വിതരണം ചെയ്തത്. കോവളം അനിമേഷന്‍ സെൻററില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ വിതരണോദ്ഘാടനം നിർവഹിച്ചു.

വിഴിഞ്ഞത്തെ 56 തൊഴിലാളികൾക്ക് 4.2 ലക്ഷം രൂപ വീതം 2,22,60000 രൂപയാണ് വിതരണം ചെയ്തത്. കലക്ടർ ജറോമിക് ജോർജിൻറെ അധ്യക്ഷതയിൽ ചേർന്ന അപ്പീൽ കമ്മിറ്റിയാണ് നഷ്ടപരിഹാരത്തിന് അർഹരെ കണ്ടെത്തിയത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനി ശുപാർശ ചെയ്ത തൊഴിലാളികൾക്കും സഹായം നൽകി.

അതിനിടെ അവഗണിച്ചുവെന്നാരോപിച്ച് വിഴിഞ്ഞം തെക്കുംഭാഗം മുസ്ലിം ജമാഅത്ത് നേതൃത്വത്തിൽ കോവളം ജങ്‌ഷനിൽ റോഡ് ഉപരോധിച്ചു. ചർച്ചയെ തുടർന്നാണ് സമരക്കാർ പിരിഞ്ഞുപോയത്. നഷ്ടപരിഹാരം വിതരണോദ്ഘാടന ചടങ്ങിൽ കൗൺസിലർ പനിയടിമ അധ്യക്ഷനായി. വിസില്‍ എം ഡി ദിവ്യ എസ് അയ്യര്‍, ഇടവക വികാരി നിക്കോളാസ്, അദാനി പോർട്ട് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

