KOYILANDY DIARY.COM

The Perfect News Portal

കളമശേരി സ്ഫോടനം; ഇലക്‌ട്രോണിക്‌ സാമഗ്രികൾ വാങ്ങിയത് പാലാരിവട്ടത്തുനിന്ന്

കൊച്ചി: കളമശേരിയിൽ ബോംബ്‌ സ്ഫോടനം നടത്താനുള്ള ഇലക്‌ട്രോണിക്‌ സാമഗ്രികൾ വാങ്ങിയത് പാലാരിവട്ടത്തെ കടകളിൽനിന്നാണെന്ന് പ്രതി ഡൊമിനിക്‌ മാർട്ടിൻ അന്വേഷകസംഘത്തോട്‌ പറഞ്ഞു. കുട്ടികളുടെ പഠനാവശ്യത്തിനുള്ള പരീക്ഷണത്തിനെന്ന്  പറഞ്ഞാണ്‌ പാലാരിവട്ടത്തെ കടകളിൽനിന്നായിരുന്നു ഇലക്‌ട്രോണിക്‌ ഉപകരണങ്ങളും ബോംബ്‌ പൊതിയാനുള്ള പ്ലാസ്‌റ്റിക് കവറുകളും വാങ്ങിയത്‌. ഈ കടകളിൽ പ്രതിയുമായി അന്വേഷകസംഘം തെളിവെടുത്തു.

പാലാരിവട്ടം വ്യാപാരഭവനിലെ നാലു കടകളിലായി വെള്ളിയാഴ്ച രാവിലെ 9.30ന്‌ ആരംഭിച്ച തെളിവെടുപ്പ്‌ 2.30ഓടെയാണ്‌ അവസാനിച്ചത്‌. അന്വേഷകസംഘത്തലവൻ ഡിസിപി എസ്‌ ശശിധരൻ, എസിപിമാരായ പി രാജ്‌കുമാർ, പി വി ബേബി എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്‌.

 

ബോംബിന്‌ സർക്യൂട്ട്‌ നിർമ്മിക്കാനുള്ള റെസിസ്‌റ്റൻസ്‌, എൽഇഡി, ബാറ്ററി, റിമോട്ട്‌ എന്നിവ വാങ്ങിയ മൂന്നു കടകൾ പ്രതി കാണിച്ചുകൊടുത്തു. ബോംബ്‌ ഒളിപ്പിക്കാൻ ഒരുകെട്ട്‌ പ്ലാസ്‌റ്റിക് കവറുകളായിരുന്നു വാങ്ങിയത്‌. സ്‌ഫോടനത്തിൻറെ ആഘാതം കൂട്ടാൻ പെട്രോൾ വാങ്ങിയ പമ്പുകളിൽ ശനിയാഴ്‌ച തെളിവെടുക്കും. 15 വരെയാണ്‌ പ്രതിയെ പൊലീസ്‌ കസ്‌റ്റഡിയിൽ വിട്ടിരിക്കുന്നത്‌.

Advertisements
Share news