സ്‌പെഷ്യൽ സ്‌കൂളുകളെ മികവിൻറെ കേന്ദ്രങ്ങളാക്കുകയാണ് സർക്കാർ ലക്ഷ്യം; വി ശിവൻകുട്ടി
കൊച്ചി: സ്‌പെഷ്യൽ സ്‌കൂളുകളെ മികവിൻറെ കേന്ദ്രങ്ങളാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. 24–-ാമത് സംസ്ഥാന സ്‌പെഷ്യൽ സ്‌കൂൾ കലോത്സവം കളമശേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എല്ലാവർക്കും വിദ്യാഭ്യാസം നൽകുന്നതിൽ കേരളം ശ്രദ്ധേയമായ മുന്നേറ്റം നടത്തിയിട്ടുണ്ട്. പ്രത്യേക ആവശ്യങ്ങളുള്ള കുട്ടികൾ മുഖ്യധാരാ സ്കൂളുകളിലെത്തുന്നതോടെ സമപ്രായക്കാർക്കൊപ്പം പഠിക്കാനും വളരാനുമുള്ള അന്തരീക്ഷം ഒരുങ്ങുന്നു.

സംസ്ഥാനത്തെ നാല് അന്ധവിദ്യാലയങ്ങൾക്കും മൂന്നു ബധിരവിദ്യാലയങ്ങൾക്കുമായി ഈ വർഷത്തെ പ്ലാൻഫണ്ടിൽ 170 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ആദ്യഗഡുവായി 90 ലക്ഷം രൂപ നൽകും. ബൗദ്ധികവെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി പ്രത്യേക സാമ്പത്തികസഹായത്തിനുള്ള മാനദണ്ഡം സർക്കാർ പരിഷ്‌കരിച്ചു. ഇതിനായി 45 കോടി രൂപയുടെ ഭരണാനുമതിയും ലഭ്യമാക്കി. അപേക്ഷകൾ ഓൺലൈനായി സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 168 ബിആർസികളിലെ ഓട്ടിസം സെൻററുകൾ തെറാപ്പി സേവനങ്ങളും അക്കാദമിക് പിന്തുണയും നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

കളമശേരി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ കെ ബാബു എംഎൽഎ അധ്യക്ഷനായി. അൻവർ സാദത്ത് എംഎൽഎ, ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ഉല്ലാസ് തോമസ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ്, ജില്ലാ ആസൂത്രണബോർഡ് അംഗം ജമാൽ മണക്കാടൻ, കളമശേരി നഗരസഭാ ചെയർപേഴ്‌സൺ സീമ കണ്ണൻ, വൈസ് ചെയർപേഴ്‌സൺ സൽമ അബൂബക്കർ, വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ കെ എച്ച് സുബൈർ, വാർഡ് കൗൺസിലർ അൻവർ കുടിലിൽ, വിദ്യാഭ്യാസ ഉപ ഡയറക്ടർ ഹണി ജി അലക്‌സാണ്ടർ എന്നിവർ സംസാരിച്ചു.

