കുസാറ്റിന് ഫൈവ് ജി ലാബ് പ്രഖ്യാപിച്ചു
കളമശേരി: കുസാറ്റിന് ഫൈവ് ജി ലാബ് പ്രഖ്യാപിച്ചു. കൊച്ചി സര്‍വകലാശാല ഇലക്ട്രോണിക്‌സ് വകുപ്പില്‍ ഡിപ്പാര്‍ട്ട്‌മെൻറ് ഓഫ് ടെലി കമ്യൂണിക്കേഷൻറെ സഹായത്തോടെ ആരംഭിക്കുന്ന ഫൈവ് ജി ലാബ് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഡിജിറ്റല്‍ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ സജ്ജമാക്കുന്നതിൻറെ ഭാഗമായാണ് 100 സ്ഥാപനങ്ങളിൽ ഫൈവ് ജി ലാബ് ഒരുക്കുന്നത്.

ഡല്‍ഹിയില്‍ നടന്ന ഏഴാമത് മൊബൈല്‍ കോണ്‍ഗ്രസിൻറെ ഉദ്ഘാടനവേദിയിലായിരുന്നു പ്രഖ്യാപനം. നോഡല്‍ ഓഫീസര്‍ പ്രൊഫ. എം എച്ച് സുപ്രിയ ചടങ്ങില്‍ നേരിട്ട് പങ്കെടുത്തു. കുസാറ്റ് സെമിനാര്‍ കോംപ്ലക്‌സിൽ തയ്യാറാക്കിയ വേദിയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രഖ്യാപനം തത്സമയം കാണിച്ചു. വൈസ് ചാന്‍സലര്‍ ഡോ. പി ജി ശങ്കരന്‍, ഡോ. വി മീര, രജിസ്ട്രാര്‍, ഡോ. ബെഞ്ചമിന്‍ പി വര്‍ഗീസ് തുടങ്ങിയവർ പങ്കെടുത്തു.

തുടർന്ന് കുസാറ്റ് ഐഇഇഇ കൊച്ചി ഉപവിഭാഗവുമായി സഹകരിച്ച് ഫൈവ് ജി സാങ്കേതികവിദ്യയിലെ പുരോഗതിയും ഉപയോഗവും സംബന്ധിച്ച ചര്‍ച്ചയും സംഘടിപ്പിച്ചു. ഫൈവ് ജി ലാബ് സജ്ജമാകുന്നതോടെ വിദ്യാര്‍ത്ഥികള്‍ക്കും സമീപപ്രദേശത്തെ സ്റ്റാര്‍ട്ടപ് കമ്പനികള്‍ക്കും എംഎസ്എംഇകള്‍ക്കും നൂതനസൗകര്യം ഉപയോഗിക്കാനാകും. ആഗോള ഡിജിറ്റല്‍ എക്കോസിസ്റ്റവുമായി ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയാണ് ഫൈവ് ജി ലാബ്. കേരളത്തില്‍ കുസാറ്റിനുപുറമേ ഐഐഎസ്ടി, ഐഐടി, എന്‍ഐടി എന്നിവയ്ക്കാണ് ലാബ് അനുവദിച്ചിട്ടുള്ളത്.

