KOYILANDY DIARY.COM

The Perfect News Portal

ക്ലിഫ് ഹൗസില്‍ കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം പകർന്ന് മുഖ്യമന്ത്രി

ക്ലിഫ് ഹൗസില്‍ കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം പകർന്ന് മുഖ്യമന്ത്രി. അഞ്ച് കുരുന്നുകളെ എഴുത്തിനിരുത്തി. ആദ്യാക്ഷരത്തിൻറെ തെളിച്ചം തേടി ക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും കുരുന്നുകളുടേയും രക്ഷിതാക്കളുടേയും തിരക്ക്. വിജയദശമി ദിനമായ ഇന്ന് പുതിയ വിദ്യ നേടിത്തുടങ്ങിയാല്‍ മംഗളകരമാകുമെന്നാണ് വിശ്വാസം. സാംസ്‌കാരിക കേന്ദ്രങ്ങളിലും സരസ്വതി മണ്ഡപങ്ങളിലും ഒട്ടേറെ പ്രമുഖരുള്‍പ്പെടെയാണ് കുരുന്നുകളെ എഴുത്തിനിരുത്തുന്നത്. 

തിരുവനന്തപുരം പൗര്‍ണമിക്കാവ് ദേവീക്ഷേത്രത്തില്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. സോമനാഥ് കുരുന്നുകളുടെ നാവില്‍ ആദ്യാക്ഷരം കുറിച്ചു. രാജ് ഭവനില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കുരുന്നുകളെ എഴുത്തിനിരുത്തി. ഓം ഹരി: ശ്രീ ഗണപതയേ നമ:അവിഘ്‌നമസ്തു എന്ന് ദേവനാഗിരിയിലും ഓം, അ, ആ എന്നിവ മലയാളത്തിലും അറബിയില്‍ എഴുതണമെന്ന് താത്പര്യം പ്രകടിപ്പിച്ച മാതാപിതാക്കളുടെ കുരുന്നുകള്‍ക്ക് അറബിയിലും ഗവര്‍ണര്‍ അക്ഷരം എഴുതിപ്പിച്ചു.

 

 കൊച്ചി ലുലു മാളിൽ കുരുന്നുകൾ‌ക്ക് ആദ്യാക്ഷരം കുറിക്കാൻ പ്രത്യേകം സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.  സംവിധായകൻ മേജർ രവി, നിഫ്റ്റ് ഡയറക്ടർ കേണൽ അഖിൽ കുൽക്ഷേത്ര, നടൻ ശ്രീകാന്ത് മുരളി, നർത്തകി സോഫിയ സുദീപ്, എഴുത്തുകാരൻ അഭിലാഷ് പിള്ള, സംഗീത സംവിധായകൻ രതീഷ് വേഗ തുടങ്ങിയ പ്രമുഖരാണ് കുഞ്ഞുങ്ങളെ ആദ്യാക്ഷരം എഴുതിപ്പിക്കുന്നത്.

Advertisements

 

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം, പനച്ചിക്കാട് ദേവീക്ഷേത്രം, പൂജപ്പുര സരസ്വതി മണ്ഡപം, തിരൂര്‍ തുഞ്ചന്‍ പറമ്പ് എന്നിവിടങ്ങളില്‍ ആദ്യാക്ഷരമെഴുതാന്‍ കുരുന്നുകളുടെ വലിയ തിരക്കാണ് ഇപ്പോഴും അനുഭവപ്പെടുന്നത്. ക്ഷേത്രങ്ങളില്‍ സരസ്വതി പൂജയ്ക്ക് ശേഷമാണ് എഴുതിനിരുത്തല്‍ തുടങ്ങിയത്.

Share news