സ്കൂട്ടറിൻ്റെ സീറ്റിനടിയിലെ ക്യാബിനുള്ളിൽ കയറിയ പൂച്ചക്കുട്ടിക്ക് രക്ഷകരായി അഗ്നിരക്ഷാസേന
കൊയിലാണ്ടി: സ്കൂട്ടറിൻ്റെ സീറ്റിനടിയിലെ ക്യാബിനുള്ളിൽ കയറിയ പൂച്ചക്കുട്ടിക്ക് രക്ഷകരായി കൊയിലാണ്ടിയിലെ അഗ്നിരക്ഷാസേനാംഗങ്ങൾ. ഇന്നലെ രാത്രി ഒൻപതു മണിയോടെ കൂടിയാണ് കൊയിലാണ്ടി റെയിൽവേ മേൽപാലത്തിനു മുകളിലൂടെ സഞ്ചരിക്കുകയായിരുന്ന സ്കൂട്ടർ യാത്രക്കാർക്കുമുമ്പിൽ പൂച്ചക്കുട്ടി പെട്ടത്. ഭയന്ന പൂച്ചക്കുട്ടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ സ്കൂട്ടറിൻ്റെ ക്യാബിനുള്ളിൽ കയറുകയായിരുന്നു.

പൂച്ചക്കുട്ടിയെ പുറത്താക്കാൻ പരമാവധി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ ഇവർ സ്കൂട്ടർ കൊയിലാണ്ടി അഗ്നിരക്ഷാ കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു. താമസംകൂടാതെ സേനാംഗങ്ങൾ സ്കൂട്ടറിൻ്റെ ക്യാബിൻ അഴിച്ചുമാറ്റി പൂച്ചക്കുട്ടിയെ സുരക്ഷിതമായി പുറത്തെടുത്തു.

