KOYILANDY DIARY.COM

The Perfect News Portal

കണ്ണൂരിൽ ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് രണ്ട് പേർ വെന്തുമരിച്ചു

തലശേരി: കണ്ണൂരിൽ ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് രണ്ട് പേർ വെന്തുമരിച്ചു. ബസ്സിടിച്ച്‌ മറിഞ്ഞ സിഎൻജി ഓട്ടോറിക്ഷക്കാണ് തീപിടിച്ചത്. തലശേരി– കൂത്തുപറമ്പ്‌ റോഡിൽ കതിരൂർ ആറാംമൈൽ മൈതാനപ്പള്ളിക്കുസമീപം വെള്ളിയാഴ്ച രാത്രി 8.30നാണ്‌ നാടിനെ നടുക്കിയ ദുരന്തം. ഓട്ടോ ഡ്രൈവർ പാനൂരിനടുത്ത പാറാട്‌ കണ്ണങ്കോട്ടെ പിലാവുള്ളതിൽ അഭിലാഷ്‌ (36), പിലാവുള്ളതിൽ സജീഷ്‌ (30) എന്നിവരാണ്‌ മറിഞ്ഞ ഓട്ടോറിക്ഷയ്‌ക്കുള്ളിൽ കുടുങ്ങി വെന്തുമരിച്ചത്‌.

തലശേരിയിൽനിന്ന്‌ കൂത്തുപറമ്പിലേക്ക്‌ പോകുന്ന സ്വകാര്യ ബസാണ്‌ അപകടത്തിനിടയാക്കിയത്‌. പാറാട്‌ കണ്ണങ്കോട്ടുനിന്ന്‌ മൈതാനപ്പള്ളിക്കടുത്ത വീട്ടിലേക്ക്‌ വരികയായിരുന്ന കെഎൽ–58 എജി 4784 ഓട്ടോയിൽ യാത്രചെയ്‌തവരാണ്‌ മരിച്ചത്‌. ഇവർ അയൽവാസികളാണ്‌. രണ്ടു മൃതദേഹങ്ങളും കത്തിക്കരിഞ്ഞു. ഓട്ടോറിക്ഷയ്‌ക്കിടയിൽ കുടുങ്ങിപ്പോയതിനാലാണ്‌ ഇവർക്ക്‌ രക്ഷപ്പെടാനാകാതെപോയത്‌. വണ്ടിമറിഞ്ഞയുടൻ നാട്ടുകാർ ഓടിയെത്തിയിരുന്നു. തീ ആളിപ്പടർന്നതിനാൽ രക്ഷാപ്രവർത്തനവും അസാധ്യമായി. 

 

ഓട്ടോറിക്ഷയും യാത്രക്കാരും കത്തിയമരുന്നത്‌ നോക്കിനിൽക്കാനേ നാട്ടുകാർക്ക്‌ കഴിഞ്ഞുള്ളൂ. വെള്ളമൊഴിച്ച്‌ തീകെടുത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തി. മൃതദേഹം തലശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക്‌ മാറ്റി. പരേതനായ കണ്ണൻറെയും പൊക്കിയുടെയും മകനാണ്‌ അഭിലാഷ്‌. ഭാര്യ: ജാൻസി. സഹോദരങ്ങൾ: അനീഷ്‌, പ്രസന്ന, ശോഭ. അവിവാഹിതനായ സജീഷ്‌ പരേതനായ കുമാരൻറെയും ജാനുവിൻറെയും മകനാണ്‌. സഹോരങ്ങൾ: ഷൈമ, ഷബ്‌ന.

Advertisements
Share news