KOYILANDY DIARY.COM

The Perfect News Portal

വിമാനയാത്രക്കിടെ അപമര്യാദയായി പെരുമാറിയെന്ന പരാതിയുമായി യുവനടി

കൊച്ചി: വിമാനയാത്രക്കിടെ സഹയാത്രികൻ അപമര്യാദയായി പെരുമാറിയെന്ന പരാതിയുമായി യുവനടി. സംഭവത്തിന് പിന്നാലെ ക്യാബിൻ ക്രൂവിനോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും താരം പറയുന്നു. മുംബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ എയർ ഇന്ത്യ വിമാനത്തിലായിരുന്നു സംഭവം. തൊട്ടടുത്ത സീറ്റിലിരിക്കുകയായിരുന്ന യാത്രക്കാരൻ മോശമായി പെരുമാറിയെന്നാണ് യുവതി ആരോപിക്കുന്നത്. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് നടി പരാതിയിൽ പറയുന്നു.

വിമാനത്തിലെ ജീവനക്കാരോട് പരാതിപ്പെട്ടപ്പോൾ സീറ്റ് മാറ്റിയിരുത്തുക മാത്രമാണ് ചെയ്തതെന്നും പൊലീസിനോട് പരാതിപ്പെടാനാണ് പറഞ്ഞതെന്നും നടി വ്യക്തമാക്കി. കൊച്ചിയിലെത്തിയ ശേഷം ഉടൻതന്നെ ഇമെയിൽ മാർഗം നടി പൊലീസിൽ പരാതി നൽകുകയായിരുന്നു. തൻറെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് താരം ദുരനുഭവം വെളിപ്പെടുത്തിയത്.

 

വിമാനയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും സംഭവത്തിൽ ഉചിതമായ നടപടി വേണമെന്നും നടി ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രാഥമിക അന്വേഷണം തുടങ്ങിയിരിക്കുകയാണ് പൊലീസ്. അന്വേഷണത്തിന് ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാർക്ക് സഹയാത്രികരിൽ നിന്ന് മോശം അനുഭവം ഉണ്ടായതായുള്ള പരാതികൾ നേരത്തെയും ഉയർന്നിട്ടുണ്ട്. 

Advertisements
Share news