KOYILANDY DIARY.COM

The Perfect News Portal

‘2018’ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രി

കൊച്ചി: 2024 ഓസ്‌കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി ജൂഡ് ആൻറണി ജോസഫ് സംവിധാനം ചെയ്ത 2018. വിദേശ ഭാഷ വിഭാഗത്തിലാണ് ചിത്രം മത്സരിക്കുക. കേരളത്തില്‍ 2018ല്‍ ഉണ്ടായ പ്രളയത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് 2018. 2024 മാര്‍ച്ച് പത്തിനാണ് ഓസ്‌കര്‍ പ്രഖ്യാപനം.

30 കോടി മുതല്‍ മുടക്കില്‍ ഒരുക്കിയ ചിത്രം ബോക്സ് ഓഫീസില്‍ 200 കോടി സ്വന്തമാക്കിയിരുന്നു. പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടുകയും ചെയ്തു.
ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, ഇന്ദ്രന്‍സ്, ലാല്‍, നരേന്‍, അപര്‍ണ്ണ ബാലമുരളി, തന്‍വി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ജാഫര്‍ ഇടുക്കി, അജു വര്‍ഗ്ഗീസ്, ജിബിന്‍ ഗോപിനാഥ്, ഡോക്ടര്‍ റോണി, ശിവദ, വിനിത കോശി തുടങ്ങി മലയാളത്തിലെ മുന്‍നിരതാരങ്ങളെ അണിനിരത്തി ഒരുക്കിയ ‘2018’ മെയ് 5 -നാണ് തിയറ്റര്‍ റിലീസ് ചെയ്തത്.


 
‘കാവ്യാ ഫിലിംസ്’, ‘പി കെ പ്രൈം പ്രൊഡക്ഷന്‍സ് ‘എന്നിവയുടെ ബാനറില്‍ വേണു കുന്നപ്പള്ളി, സി കെ പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അഖില്‍ പി ധര്‍മജൻറേതാണ് സഹതിരക്കഥ. അഖില്‍ ജോര്‍ജ്ജാണ് ഛായാഗ്രാഹകന്‍. ചമന്‍ ചാക്കോ ചിത്രസംയോജനം നിര്‍വ്വഹിക്കുന്ന ചിത്രത്തിൻറെ സംഗീതം നോബിന്‍.

Share news