ബേപ്പൂർ- ചാലിയം ജങ്കാർ സർവീസ് വ്യാഴാഴ്‌ച പുനരാരംഭിക്കും

ഫറോക്ക്: സുരക്ഷാ പ്രശ്നങ്ങളാൽ നിർത്തിയ ബേപ്പൂർ- ചാലിയം ജങ്കാർ സർവീസ് വ്യാഴാഴ്‌ച പുനരാരംഭിക്കും. കൊച്ചിയിൽനിന്ന് നവീകരിച്ച ജങ്കാർ കഴിഞ്ഞ ദിവസം എത്തിയിരുന്നു. രാവിലെ ഏഴുമുതൽ ഓട്ടം തുടങ്ങുമെന്ന് കടലുണ്ടി പഞ്ചായത്ത് പ്രസിഡണ്ട് വി അനുഷ അറിയിച്ചു.

സുരക്ഷാ വീഴ്ചയുടെ പേരിൽ സർവീസ് തുറമുഖ വകുപ്പധികൃതരുടെ നിർദേശത്ത തുടർന്ന് കഴിഞ്ഞ ജൂൺ 20നാണ് ജങ്കാർ സർവീസ് നിർത്തിയത്. പിന്നീട് കാലാവസ്ഥ പ്രതികൂലമായതും അനുമതി നൽകുന്നത് വൈകാനിടയായി. ബേപ്പൂരിലെത്തിയ ജങ്കാർ തുറമുഖ വകുപ്പ് അധികൃതർ പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകി.
സുരക്ഷാ ക്രമീകരണങ്ങൾക്കൊപ്പം യാത്രക്കാരുടെ ഇരിപ്പിട സൗകര്യം ഉൾപ്പെടെ മികച്ച രീതിയിൽ സജ്ജീകരിച്ചിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡണ്ട് വി അനുഷ, വികസന സ്ഥിരം സമിതി അധ്യക്ഷ ബിന്ദു പച്ചാട്ട്, സെക്രട്ടറി ആർ രമണൻ എന്നിവർ ജങ്കാർ പരിശോധിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ സർവീസും നടത്തി.
