KOYILANDY DIARY.COM

The Perfect News Portal

പുഴയോളങ്ങളിൽ ആവേശത്തുഴയെറിഞ്ഞ്‌ ആനപ്പാറ ജലോത്സവം

കോഴിക്കോട്: പുഴയോളങ്ങളിൽ ആവേശത്തുഴയെറിഞ്ഞ്‌ ആനപ്പാറ ജലോത്സവം. കോരപ്പുഴയുടെ കൈവഴിയായ കുനിയിൽ പുഴയിലാണ്‌ തോണി തുഴയൽ മത്സരം ഓണാഘോഷത്തിന്‌ മാറ്റുകൂട്ടിയത്‌. 30 വർഷങ്ങൾക്കുശേഷം നടന്ന മത്സരം കാണാൻ കൊങ്ങന്നൂർ ആനപ്പാറയിലേക്ക് ജനം ഒഴുകിയെത്തി.
ഓർമ മത്സ്യത്തൊഴിലാളി സ്വയംസഹായ സംഘത്തിൻറെ ‘ഓർമ ഓണം’ ഫെസ്റ്റിലായിരുന്നു തോണി തുഴയൽ, കമ്പവലി ഉൾപ്പെടെ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചത്. അഞ്ചുപേർ ചേർന്ന് തുഴഞ്ഞ തോണി തുഴയൽ മത്സരത്തിൽ കോരപ്പുഴ സ്‌പൈമോക്ക് എ ടീം ജേതാക്കളായി. കെ ടി കുഞ്ഞിരാമൻ സ്മാരക ട്രോഫിക്കും 10,000 രൂപ ക്യാഷ് പ്രൈസിനും അർഹരായി.
രണ്ടുപേർ ചേർന്ന് തുഴഞ്ഞ മത്സരത്തിൽ ഒ ടി ബിജു, ഒ ടി ബാബു ടീം ഒന്നാംസ്ഥാനം നേടി.
കമ്പവലി മത്സരത്തിൽ കന്നൂർ സാഗര എ ടീം ഒന്നാം സ്ഥാനം നേടി. കാനത്തിൽ ജമീല എംഎൽഎ പതാക ഉയർത്തിയതോടെയാണ്‌ ഫെസ്റ്റിന് തുടക്കമായത്‌. പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ അധ്യക്ഷത വഹിച്ചു. സമാപന ചടങ്ങിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി കെ ബാബുരാജ് സമ്മാനങ്ങൾ നൽകി. പഞ്ചായത്ത്‌ അംഗം കെ സാജിത അധ്യക്ഷയായി. പി സജീഷ് സ്വാഗതവും കെ ശശി കുമാർ നന്ദിയും പറഞ്ഞു.

 

Share news