സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കിടയാക്കുന്നത് തെറ്റായ സാമൂഹിക കാഴ്‌ചപ്പാട്: പി. സതീദേവി
കോഴിക്കോട്: സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കിടയാക്കുന്നത് തെറ്റായ സാമൂഹിക കാഴ്‌ചപ്പാടാണെന്ന് വനിതാ കമീഷൻ അധ്യക്ഷ പി. സതീദേവി പറഞ്ഞു. സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുമ്പോഴും പെൺകുട്ടികളെ ബാധ്യതയായി കാണുന്ന സാമൂഹ്യ ചുറ്റുപാടാണ് ചൂഷണങ്ങൾക്കും പീഡനങ്ങൾക്കുമിടയാക്കുന്നത്.

വനിതാ വികസന കോർപറേഷന്റെ പ്രദർശന വിപണന മേള എസ്കലേറയുടെ ഭാഗമായി നടന്ന ‘സ്ത്രീ സുരക്ഷയും ശാക്തീകരണവും’ സെമിനാറിൽ സംസാരിക്കുകയായിരുന്നു അവർ. പല കാര്യങ്ങളിലും കേരളം ഒന്നാം സ്ഥാനത്താണെങ്കിലും സ്ത്രീയോടുള്ള മനോഭാവത്തിൽ വീടിനുള്ളിൽപ്പോലും കാര്യമായ മാറ്റമില്ല. വീടിനകത്ത് അത്തരം ചർച്ചകൾ ഉയരണം. സമത്വം, ജനാധിപത്യം എന്നിവയെക്കുറിച്ച് സംസാരിക്കുന്നവരുടെ വീടുകളിൽപ്പോലും പുരുഷാധിപത്യം നിലനിൽക്കുന്നു.
ആധിപത്യ മനോഭാവത്തോടെ വളരുന്ന ആൺകുട്ടികളാണ് പ്രണയത്തിന്റെ പേരിൽ പെൺകുട്ടികളെ കൊലപ്പെടുത്തുന്നത്. എല്ലാ അവകാശവുമുള്ളവരാണ് പെൺകുട്ടികളുമെന്ന ബോധമുണ്ടാക്കി ആൺകുട്ടികളെ വളർത്തിയാലേ അതിക്രമം കുറയ്ക്കാൻ സാധിക്കുകയുള്ളൂവെന്നും സതീദേവി പറഞ്ഞു. വി സി ബിന്ദു അധ്യക്ഷത വഹിച്ചു. കെ എസ് സലീഖ, അഡ്വ. പി കുൽസു, ഫൈസൽ മുനീർ, എം എ ദിവ്യ എന്നിവർ സംസാരിച്ചു.
